കളിച്ചുകൊണ്ടിരുന്ന ഭൂമികയും അവളുടെ ഒരു വയസ്സുള്ള അനിയത്തി രേണുകയും അറിയാതെ ഈ ഭക്ഷണം എടുത്തു കഴിക്കുകയായിരുന്നു
തിരുപ്പത്തൂർ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ നായയ്ക്ക് നൽകാനായി വച്ചിരുന്ന പഴകിയ കോഴിക്കറി കഴിച്ച് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ആമ്പൂരിനടുത്താണ് സംഭവം. നായയ്ക്ക് കൊടുക്കാനായി വീട്ടുകാർ മാറ്റിവെച്ചിരുന്ന ഭക്ഷണം മൂന്ന് വയസ്സുകാരി അബദ്ധത്തിൽ കഴിച്ചതായാണ് ലഭ്യമാകുന്ന വിവരം. മാതഗഡുപ്പ് സ്വദേശിയും മരംകയറ്റ തൊഴിലാളിയുമായ സതീഷിന്റെ മകൾ ഭൂമികയാണ് മരിച്ചത്. സതീഷിനും ഭാര്യ ശ്രേയയ്ക്കും ഒരു മകനും രണ്ട് പെൺമക്കളുമടക്കം മൂന്ന് കുട്ടികളാണുള്ളത്. കഴിഞ്ഞ ഞായറാഴ്ച ശ്രേയ കോഴിയെ വാങ്ങി കറിവച്ചിരുന്നു. ഈ കറിയിൽ നിന്നും ബാക്കിവന്നത് മെയ് 12ന് നായയ്ക്ക് നൽകാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഭൂമികയും അവളുടെ ഒരു വയസ്സുള്ള അനിയത്തി രേണുകയും അറിയാതെ ഈ ഭക്ഷണം എടുത്തു കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരു കുട്ടികൾക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. ഉടൻ തന്നെ മാതാപിതാക്കൾ കുട്ടികളെ ചികിത്സയ്ക്കായി ആമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഭൂമികയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ വെല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഭൂമിക വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു. സംഭവത്തെത്തുടർന്ന് ആമ്പൂർ റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


