തനിക്കറിയാത്ത അർദ്ധനഗ്നരായ സ്ത്രീകളെ നോക്കി ലൈംഗിക ഉത്തേജനം നേടുന്ന 'വൊയൂറിസ്റ്റിക് ഡിസോർഡർ' എന്ന മാനസികാവസ്ഥ റസ്തോഗിക്ക് ഉള്ളതായി കണ്ടെത്തിയതായി ഒരു മാനസികാരോഗ്യ വിദഗ്ധൻ കോടതിയിൽ വ്യക്തമാക്കി
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയിൽ 9 മാസത്തിനിടെ 61 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ മസാജ് തെറാപ്പിസ്റ്റിന് 13 വർഷം തടവ്. അഡ്‌ലെയ്ഡിലെ ഒരു മസാജ് പാർലറിൽ വെച്ച് 61 സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ മസാജ് തെറാപ്പിസ്റ്റിനാണ് 13 വർഷവും 10 മാസവും തടവുശിക്ഷ വിധിച്ചിട്ടുള്ളത്. പ്രതിയുടെ പെരുമാറ്റം നിയന്ത്രണാതീതവും, ചൂഷണം ചെയ്യുന്നതുമായിരുന്നു എന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്.

അഡ്‌ലെയ്ഡിന്റെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലെനെൽഗിലെ ഒരു മസാജ് സ്ഥാപനത്തിൽ വെച്ച് 2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കും ഇടയിൽ ചെയ്ത കുറ്റങ്ങൾക്കാണ് 39 കാരനായ സുമിത് സതീഷ് റസ്തോഗി ശിക്ഷിക്കപ്പെട്ടത്. അനുവാദമില്ലാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതിനും, ഗുരുതരമായ ലൈംഗിക അതിക്രമണവും ഉൾപ്പെടെ 97 കുറ്റങ്ങൾ ഇയാൾ കോടതിയിൽ സമ്മതിച്ചു. 2011ൽ ദില്ലിയിൽ നിന്ന് അഡ്‌ലെയ്ഡിലേക്ക് കുടിയേറിയ സുമിത് സതീഷ് റസ്തോഗി 2022 ജൂലൈയിലാണ് അറസ്റ്റിലായത്. കുറ്റകൃത്യങ്ങൾ നടക്കുന്ന സമയത്ത് ആവശ്യമായ ഔദ്യോഗിക യോഗ്യതകളൊന്നുമില്ലാതെയാണ് ഇയാൾ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്തിരുന്നതെന്നും കോടതി കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ചയാണ് സൗത്ത് ഓസ്‌ട്രേലിയ ഡിസ്ട്രിക്ട് കോടതി ജഡ്ജി കാർമെൻ മാറ്റെയോ രൂക്ഷ വിമർശനങ്ങളാണ് ഇന്ത്യൻ വംശജനെതിരെ ഉന്നയിച്ചത്. തന്നെ പൂർണ്ണമായി വിശ്വസിച്ച, ഒട്ടും സംശയിക്കാത്ത, സുരക്ഷിതത്വത്തിനും ആദരവിനും അന്തസ്സിനും അർഹരായ സ്ത്രീകളെയാണ് റസ്തോഗി വഞ്ചിച്ചതെന്ന് ജഡ്ജി വിശദമാക്കി.39കാരന് ആത്മവിശ്വാസം കൂടിയതോടെ കുറ്റകൃത്യങ്ങളുടെ തീവ്രത വർദ്ധിച്ചുവെന്ന് ജഡ്ജി മാറ്റെയോ പറഞ്ഞു. ഇരകളുടെ അടിവസ്ത്രങ്ങൾ വരെ മാറ്റി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്താനും ഇയാൾ മുതിർന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക യോഗ്യതകൾ ഇല്ലാതിരുന്നിട്ടും റസ്തോഗിക്ക് പണം വാങ്ങി മസാജ് സേവനങ്ങൾ നൽകാൻ കഴിഞ്ഞത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 39കാരനിൽ നിന്നുണ്ടായ മാനസിക ആഘാതം ഇരകൾ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.ഈ ക്രൂരത കാരണം തങ്ങൾക്കുണ്ടായ ആഴത്തിലുള്ള മാനസിക ആഘാതത്തെക്കുറിച്ചും വിശ്വാസനഷ്ടത്തെക്കുറിച്ചും നിരവധി ഇരകൾ കോടതിയിൽ വിവരിച്ചു. ഈ സംഭവം ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടെയുള്ള പുരുഷ ആരോഗ്യ പ്രവർത്തകരെപ്പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചുവെന്നും, അത് ദാമ്പത്യ ജീവിതത്തിലെ തുറന്നുപറച്ചിലുകളെ ബാധിച്ചുവെന്നും ഇരകൾ കോടതിയെ അറിയിച്ചു.
തനിക്കറിയാത്ത അർദ്ധനഗ്നരായ സ്ത്രീകളെ നോക്കി ലൈംഗിക ഉത്തേജനം നേടുന്ന 'വൊയൂറിസ്റ്റിക് ഡിസോർഡർ' എന്ന മാനസികാവസ്ഥ റസ്തോഗിക്ക് ഉള്ളതായി കണ്ടെത്തിയതായി ഒരു മാനസികാരോഗ്യ വിദഗ്ധൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഈ രോഗനിർണ്ണയം ഇയാൾ ചെയ്ത കുറ്റങ്ങൾക്ക് ഒരു വൈദ്യശാസ്ത്രപരമായ വിശദീകരണം നൽകുന്നുണ്ടെങ്കിലും, അത് ഇയാളെ കുറ്റവിമുക്തനാക്കുന്നില്ലെന്ന് ജഡ്ജി മാറ്റെയോ പറഞ്ഞു. ഈ രോഗത്തിന് ഇതുവരെ ചികിത്സ ലഭിച്ചിട്ടില്ലെന്നും ജയിലിൽ കഴിയുന്ന സമയത്ത് ഇതിന് പരിഹാരം കാണാൻ കഴിയില്ലെന്നും കോടതിയെ അറിയിച്ചു.
13 വർഷവും 10 മാസവും തടവുശിക്ഷയാണ് വിധിച്ചത്. ഇതിൽ 10 വർഷവും 10 മാസവും കഠിന തടവാണ്. ഈ കാലയളവിൽ പരോൾ ലഭിക്കില്ല. ഇയാളുടെ അറസ്റ്റ് നടന്ന തീയതി മുതൽ ശിക്ഷാകാലാവധി കണക്കാക്കുന്നതിനാൽ 2035ൽ ഇയാൾക്ക് പരോളിന് അർഹതയുണ്ടാകും. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ ഓസ്‌ട്രേലിയയിൽ നിന്ന് നാടുകടത്താൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.


