ദില്ലി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്നത് സമ്പൂർണ്ണ മേധാവിത്വം. അടുത്ത വർഷം നടക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലുൾപ്പടെ അയോധ്യയുടെ സ്വാധീനം ദൃശ്യമാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം.

ബിജെപിയുടെ രാഷ്ട്രീയ നീക്കം പ്രതിരോധിക്കുന്നതിൽ ആശയക്കുഴപ്പം പ്രതിപക്ഷനിരയിൽ ദൃശ്യമാണ്. അധികാരം ലക്ഷ്യമിടുന്ന പശ്ചിമ ബംഗാളിലുൾപ്പടെ അയോധ്യ സ്വാധീനിക്കുമെന്നും മേധാവിത്വം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നുമാണ് വിലയിരുത്തൽ.

1990 സെപ്റ്റംബറില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് സംഘപരിവാർ തുടങ്ങിയ യാത്രയുടെ മുപ്പതാം വർഷത്തിലാണ് അയോധ്യയിലെ തറക്കല്ലിടൽ ചടങ്ങ് നടക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് ശംഖൊലി മുഴങ്ങുമ്പോൾ രണ്ട് അടിസ്ഥാന ആശയങ്ങൾ നടപ്പാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഹിന്ദുധ്രുവീകരണ ശ്രമം മുന്നോട്ടുകൊണ്ടുപാകാൻ കഴിയാതെ പകച്ചുനിന്ന സംഘപരിവാറിന് എൺപതുകളുടെ അവസാനം കിട്ടിയ ആയുധമായിരുന്നു അയോധ്യ.

1992ൽ ബാബ്റി മസ്ജിദ് തകർത്തതിനു ശേഷമുള്ള അന്തരീക്ഷത്തിൽ പല സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി. എ ബി വാജ്പേയി മൂന്നു തവണ പ്രധാനമന്ത്രിയായി അധികാരമേറ്റു. പിന്നീട് അയോധ്യക്കപ്പുറത്തെ ധ്രുവീകരണം സാധ്യമാക്കിയ നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തെ വലതുപക്ഷത്തേക്ക് ചരിച്ചു.

അയോധ്യയിൽ ക്ഷേത്രം ഉയർന്നാലും ആ വികാരം പെട്ടെന്ന് അടങ്ങില്ലെന്നാണ് ബിജെപി കരുതുന്നത്. ക്ഷേത്രനിർമ്മാണത്തിന്‍റെ കാഴ്ചകൾ ആദ്യം ബിഹാറിലും പിന്നീട് ബംഗാളിലും ബിജെപി ആയുധമാക്കുമെന്നുറപ്പ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജയ്ശ്രീറാം വിളി ഏറ്റവും കൂടുതൽ മുഴങ്ങിയത് ബംഗാളിലാണ്.

അതേസമയം, ബിജെപിയെ ആശയപരമായി എതിർക്കാൻ മടിക്കുന്ന പ്രതിപക്ഷത്തെയാണ് രാമക്ഷേത്രനിർമ്മാണ വേളയിൽ കാണുന്നത്. രണ്ട് അടിസ്ഥാന ആശയങ്ങൾ നടപ്പാക്കിയ ബിജെപി ഏകീകൃത സിവിൽ നിയമത്തിലേക്ക് അടുത്തതായി തിരിയുമോ എന്നാണ് ഇനി അറിയേണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയർന്ന പ്രതിഷേധം ഇക്കാര്യത്തിൽ താത്കാലികമായുള്ള മെല്ലെപോക്കിന് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.