രാഹുൽഗാന്ധിയുടെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ജനാധിപത്യം അപകടത്തിലാണെന്നും താനടക്കമുള്ള നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു.
ഭുവനേശ്വർ: ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും പ്രതിസന്ധിയിലാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുനരുജ്ജീവനത്തിന്റെ യാത്രയിലാണെന്ന് തുക്ടെ തുക്ടെ ഗ്യാങ് മനസിലാക്കണെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഭുവനേശ്വറിൽ അഭിഭാഷകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽഗാന്ധിയുടെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ജനാധിപത്യം അപകടത്തിലാണെന്നും താനടക്കമുള്ള നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണെന്നും രാഹുൽഗാന്ധി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയില്‍. ചാരസോഫ്റ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമാണ്. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ന്യൂനപക്ഷങ്ങളും, ദളിതകളും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നുവെന്നും, ജുഡീഷ്യറിയും മാധ്യമങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കിരൺ റിജിജു രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യൻ ജുഡീഷ്യറി സ്വതന്ത്രമായ ഒരു സംവിധാനമാണ്. പ്രതിപക്ഷ പാർട്ടികളുടെ താൽപ്പര്യത്തിനനുസരിച്ച് ഇന്ത്യൻ ജുഡീഷ്യറിയെ മാറ്റാൻ കഴിയില്ല. ഇന്ത്യൻ ജനാധിപത്യത്തെ ചോദ്യം ചെയ്യാൻ ഒരാൾക്കും കഴിയില്ല, കാരണം ജനാധിപത്യം ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി പറഞ്ഞു. തുക്ടെ തുക്ടെ ഗ്യാങ്ങിന് ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിന് വിദേശസ്ഥാപനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റേയും സർക്കാരിന്റേയും നിയമവ്യവസ്ഥയുടേയും തെരഞ്ഞെടുപ്പ് കമ്മീഷൻ, പ്രതിരോധം, അന്വേഷണ ഏജൻസികളുടെയെല്ലാം വിശ്വാസ്യതയെ അവർ തകർക്കാൻ ശ്രമിക്കും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന് തുക്ടെ തുക്ടെ ഗ്യാങ് മനസിലാക്കണം. ജനങ്ങൾ നിങ്ങൾക്ക് ഉചിതമായ മറുപടി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാഹുലിന്‍റെ വിമർശനങ്ങളോട് പ്രതികരണവുമായി നേരത്തെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു. പെഗാസെസ് അന്വേഷണത്തോട് രാഹുല്‍ സഹകരിക്കാത്തതെന്തുകൊണ്ടാണെന്ന് അനുരാഗ് താക്കൂര്‍ ചോദിച്ചിരുന്നു.
