അധിക പണം നൽകുമ്പോഴും യാതൊരു സുരക്ഷയുമില്ല. ഇക്കാര്യം പരിശോധിക്കാൻ ഞാൻ റെയിൽവേ മാനേജ്‌മെന്റിനോട് അഭ്യർഥിക്കുന്നുവെന്ന് യുവതി ട്വീറ്റ് ചെയ്തു.
ദില്ലി: ടിക്കറ്റെടുക്കാതെ ട്രെയിനിലെ ഫസ്റ്റ് എസി കോച്ചിൽ യാത്ര ചെയ്യുന്നവരുടെ വീഡിയോ പങ്കുവെച്ച് യാത്രക്കാരി. മഹാനന്ദ എക്സ്പ്രസിലെ യാത്രക്കാരിയായ സ്വാതി രാജാണ് ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. ഫസ്റ്റ് എസി കോച്ചിന്റെ വാതിലിനടുത്ത് യാത്രക്കാർ തിങ്ങിനിറഞ്ഞ് നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഉയർന്ന പണം നൽകി എസി കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷയോ സുഖകരമായ യാത്രയോ റെയിൽവേ ഉറപ്പാക്കുന്നില്ലെന്ന് യാത്രക്കാരി പറഞ്ഞു. മഹാനന്ദ 15483ലെ എസി ഒന്നാം നിരയുടെ നിലവിലെ അവസ്ഥ ഇതാണ്.
അധിക പണം നൽകുമ്പോഴും യാതൊരു സുരക്ഷയുമില്ല. ഇക്കാര്യം പരിശോധിക്കാൻ ഞാൻ റെയിൽവേ മാനേജ്‌മെന്റിനോട് അഭ്യർഥിക്കുന്നുവെന്ന് യുവതി ട്വീറ്റ് ചെയ്തു. ദില്ലിയിൽ നിന്ന് അലിപൂർ ദുവാർ ജംഗ്ഷനിലേക്ക് ഓടുന്ന തീവണ്ടിയാണ് മഹാനന്ദ എക്സ്പ്രസ്. റിസർവ് ചെയ്ത സീറ്റുകളിൽ അനധികൃത യാത്രക്കാർ സ്ഥലം കൈയേറിയിരിക്കുന്നുവെന്നും അവർ പറഞ്ഞു. നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് പ്രതികരിച്ചത്. മുമ്പും സമാനമായ സംഭവമുണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് ഹൗറ-ഡെറാഡൂൺ കുംഭ് എക്സ്പ്രസിലും സമാന സംഭവമുണ്ടായിരുന്നു. തിരക്കേറിയതോടെ സെക്കന്റ് എസി കമ്പാർട്ട്മെന്റിലേക്ക് യാത്രക്കാർ തള്ളിക്കയറി. ടിക്കറ്റെടുക്കാതെ കയറിയവർ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ സീറ്റിൽ നിന്ന് ഇറക്കി വിടുകയും ട്രെയിനിൽ സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. പൊലീസുകാർ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ജീവനക്കാരനായ ആകാശ് വർമയാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. ടിക്കറ്റെടുക്ക് യാത്ര ചെയ്തവരെ കൈയേറ്റം ചെയ്യുകയും ബെർത്ത് കൈയേറുകയും ചങ്ങല വലിക്കുകയും ചെയ്തെന്ന് ഇദ്ദേഹം കുറിച്ചു. വയോധികരായിരുന്നു കൂടുതൽ യാത്രക്കാരും. ഇത്രയും അനധികൃത യാത്രക്കാരെ നിയന്ത്രിക്കാൻ വെറും രണ്ട് പൊലീസുകാർ മാത്രമാണ് എത്തിയതെന്നും അദ്ദേഹം കുറിച്ചു.
