ഏപ്രിൽ മാസം മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയ തുകയാണിത്

വിജയവാഡ: ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഒരു മാസം പിഴയായി 7.96 കോടി രൂപ ഈടാക്കി വിജയവാഡ റെയിൽവേ ഡിവിഷൻ. ഏപ്രിൽ മാസം മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്ന് ഈടാക്കിയ തുകയാണിത്. ഇത്രയും തുക പിഴ ഈടാക്കുന്നത് ആദ്യമായാണ്. 

വിജയവാഡ റെയിൽവേ ഡിവിഷനിൽ ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിലൂടെ ഈടാക്കിയ എക്കാലത്തെയും ഉയർന്ന തുകയാണ് 7.96 കോടി രൂപ. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 44,249 കേസുകളെടുത്തു. ക്രമരഹിത യാത്രയ്ക്ക് (ഉയർന്ന നിരക്കുള്ള കോച്ചിൽ കയറുക, കൂടെയുള്ള കുട്ടിക്ക് ടിക്കറ്റെടുക്കാതിരിക്കുക, പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങള്‍) 51,271 കേസുകളുമെടുത്തു. യഥാക്രമം 4.25 കോടിയും 2.79 കോടിയുമാണ് ഈ സംഭവങ്ങളിൽ പിഴ ഈടാക്കിയതെന്ന് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ (സീനിയർ ഡിസിഎം) വി രാംബാബു പറഞ്ഞു. പരിധിയിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്ത 548 കേസുകളിൽ ഒരു ലക്ഷം രൂപ പിഴ ചുമത്തി.

വാണിജ്യ വകുപ്പ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ദക്ഷിണ സെൻട്രൽ റെയിൽവേയുടെ (എസ്‌സിആർ) മറ്റ് വിഭാഗങ്ങൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് ഒരു മാസത്തെ ടിക്കറ്റ് ചെക്കിംഗ് ഡ്രൈവിന്‍റെ ഭാഗമായത്. വിജയവാഡ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), നരേന്ദ്ര എ പാട്ടീൽ, ടിക്കറ്റ് പരിശോധനാ ടീമുകളെ അഭിനന്ദിച്ചു.

കൊള്ളലാഭം കൊയ്ത് റെയിൽവേ; പ്രായമായവർക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവ് എടുത്തുകളഞ്ഞ് ലാഭിച്ചത് 5800 കോടി രൂപ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം