ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ കടുവയും കാട്ടുപന്നിയും കിണറ്റില്‍ വീണ് ചത്തു. പന്നിയെ പിടിക്കാന്‍ കടുവ ഓടിച്ചപ്പോഴാണ് രണ്ട് മൃഗവും ഉപേക്ഷിച്ച കിണറ്റില്‍ വീണത്. വെള്ളത്തിന് മുകളില്‍ മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നത് കര്‍ഷകന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ദുംഗേറിയ ഗ്രാമത്തിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചത്ത മൃഗങ്ങളെ കരക്കെത്തിച്ചു.

ഏകദേശം ഒരു വയസ്സ് പ്രായമുള്ള കടുവക്കുട്ടിയാണ് ഇരതേടാന്‍ പന്നിയെ ഓടിച്ചപ്പോള്‍ കിണറ്റില്‍ വീണതെന്ന് സെഹോര്‍ ഡിഎഫ്ഒ രമേഷ് ഗണവ പറഞ്ഞു. വിഷബാധയേറ്റതോ ഷോക്കേല്‍പ്പിച്ചോ അല്ല ഇവ ചത്തതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്ത് പെണ്‍കടുവയും രണ്ട് കുട്ടികളും റോന്തുചുറ്റുന്നതായി ഗ്രാമീണര്‍ പരാതിപ്പെട്ടിരുന്നു.