കാസിരംഗ ദേശീയോദ്യാനത്തിന്‍റെ ഒന്നരകിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഹര്‍മതി മേഖലയില്‍ ദേശീയപാതയുടെ അരികിലുള്ള വീട്ടിലെ കിടക്കയിലാണ് കടുവയെ കണ്ടെത്തിയത്. തകരം കൊണ്ടുള്ള ഭിത്തി ചാടിക്കടന്നാണ് കടുവ വീട്ടിനുള്ളില്‍ കയറിയത്.
ഗുവഹാത്തി: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രക്ഷ തേടി പരക്കം പായുകയാണ് അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ മൃഗങ്ങള്‍. വെള്ളപ്പൊക്കത്തില്‍ ദേശീയോദ്യാനത്തിലെ എണ്‍പത് ശതമാനത്തിലധികം വെള്ളത്തിലായതോടെ ജീവനും കൊണ്ടോടിയ ഒരു കടുവയുടെ ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വൈറലാവുന്നു.

കാസിരംഗ ദേശീയോദ്യാനത്തിന്‍റെ ഒന്നരകിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഹര്‍മതി മേഖലയില്‍ ദേശീയപാതയുടെ അരികിലുള്ള വീട്ടിലെ കിടക്കയിലാണ് കടുവയെ കണ്ടെത്തിയത്. തകരം കൊണ്ടുള്ള ഭിത്തി ചാടിക്കടന്നാണ് കടുവ വീട്ടിനുള്ളില്‍ കയറിയത്. ഭിത്തിയിലുണ്ടായ ഒരു ദ്വാരത്തിലൂടെ കടുവയെ കണ്ടതോടെ വനംവകുപ്പിനെ വിവരമറിയിച്ചു. കടുവ വീട്ടിനുള്ളില്‍ കയറിയ സമയത്ത് വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കുകളില്ല. വനപാലകര്‍ എത്തി കടുവയെ നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അസമിലെ ഗോലാഘട്ട്, നൈഗോവന്‍ ജില്ലകളിലായി 430 ചതുരശ്ര കിലോമീറ്ററിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയില്‍ കാസിരംഗ ലോക പ്രശസ്തമാണ്.
