ദില്ലി: രാജ്യത്തെ കടുവകളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനയെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട്. വനം , പരസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിലാണ് കടുവകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവന് കണ്ടെത്തിയത്. ലോകത്തെ ആകെ കടുവകളുടെ എഴുപത് ശതമാനം ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളിലെ 3,81,400 ച. കിലോമീറ്റര്‍ വനവിസ്തൃതിയിലാണ് കടുവകളുടെ കണക്കെടുത്തത്. 2014 ലെ സെന്‍സസില്‍ 2226 കടുവകളാണ് രാജ്യത്തുണ്ടായിരുന്നത്. പുതിയ സെന്‍സസ് പ്രകാരം ഇത് 2967 ആയി ഉയര്‍ന്നു. 

മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളത്(526 കടുവകള്‍). 524 കടുവകളുള്ള കര്‍ണ്ണാടകമാണ് രണ്ടാമത്. കേരളത്തില്‍ 190 കടുവകളുണ്ട്. 2014 ലെ സെന്‍സസില്‍ ഇത് 136 ആയിരുന്നു. ആകെയുള്ള കടുവകളില്‍ 2461 എണ്ണവും ഒരു വയസ്സില്‍ താഴെയുള്ളവയാണെന്നും സെന്‍സസ് വ്യക്തമാക്കുന്നു. 

വന്യജീവി നിരീക്ഷണത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പ് സര്‍വേക്കുള്ള ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യ നേടിയിരുന്നു. 26,838 മേഖലകളില്‍ ക്യാമറ സ്ഥാപിച്ചായിരുന്നു കണക്കെടുപ്പ്.

ലോകത്തെ ആകെ കടുവകളുടെ 70 ശതമാനവും ഇന്ത്യയിലാണെന്നത് അഭിമാനിക്കേണ്ട കാര്യമാണെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ മുപ്പതിനായിരം ആനകളും മൂവായിരം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗവും അഞ്ഞൂറ് സിംഹങ്ങളുമുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. 2006 മുതലാണ് കടുവകളുടെ എണ്ണമെടുക്കാന്‍ പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്. 2006 ല്‍ 1411 കടുവകളായിരുന്നു രാജ്യത്തുണ്ടായിരുന്നത്.