ശിവസേനയ്ക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണ വേണ്ടെന്ന് ബിജെപി നേതാവ് സുധീർ മുൻഗംടിവാർ. നിലവിലെ പ്രശ്നങ്ങള്‍ ദീപാവലിക്ക് ശേഷം ചര്‍ച്ച ചെയ്ത് പരിഹരിക്കും.

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെടാന്‍ ശിവസേന തീരുമാനിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ നിഷേധിച്ച് ബിജെപി നേതാവ് സുധീർ മുൻഗംടിവാർ. നിലവിലെ പ്രതിസന്ധികള്‍ ദീപാവലിക്ക് ശേഷം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നത്തിന് ഉദ്ധവ് താക്കറെ ശരിയായ പരിഹാരം കാണുമെന്ന് ഉറപ്പുണ്ടെന്നും ദീപാവലിക്ക് ശേഷം ഇതില്‍ ധാരണയുണ്ടാക്കുന്നതിനായി അമിത് ഷാ, ഉദ്ധവ് താക്കറെ, ദേവേന്ദ്ര ഫഡ്നാവിസ്, ചന്ദ്രകാന്ത് പട്ടേല്‍ എന്നിവരുള്‍പ്പെടെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുമെന്നും സുധീർ മുൻഗംടിവാർ പറഞ്ഞു. മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധികാര വിഭജനവും ഒരുമിച്ചായിരിക്കുമെന്നും പുലി പുല്ല് തിന്നാറില്ലെന്നും മുൻഗംടിവാർ പ്രതികരിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരം 50:50 ഫോര്‍മുല നടപ്പാക്കണമെന്നും ഇത് അനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഭരണകാലയളവില്‍ ബിജെപിയും ശിവസേനയും അധികാരം തുല്യമായി പങ്കിടണമെന്നും ആദ്യത്തെ രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടു. കൂടാതെ മന്ത്രിപദവികളില്‍ അമ്പത് ശതമാനവും നല്‍കണം. എന്നാല്‍ ആഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രി പദത്തിന് ശിവസേന വഴങ്ങിയേക്കും എന്നും സൂചനയുണ്ട്. 

എന്നാല്‍ ശിവസേന പിന്തുണയ്ക്കായി സമീപിച്ചാല്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയം വടേത്തിവാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശിവസേനയെ പിന്തുണയ്ക്കുന്നില്ലെന്നാണ് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞത്. അതേസമയം നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കാന്‍ ഒക്ടോബര്‍ 30- ന് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.