ജയ്പൂര്‍: അനാഥരായ രണ്ട് കടുവക്കുഞ്ഞുങ്ങളെ എടുത്തുവളര്‍ത്തിയ 'ഡോളര്‍' കടുവ ചത്തു. രാജസ്ഥാനിലെ രന്തംപോര്‍ ടൈഗര്‍ റിസര്‍വ്വിലാണ് 15കാരനായ ഡോളര്‍ എന്ന് വിളിപ്പേരുള്ള കടുവ ചത്തത്. രന്തംപോറിലെതന്നെ മറ്റ് കടുവകളുമായുണ്ടായ ഏറ്റുമുട്ടലിലാകാം അന്ത്യമെന്നാണ് കരുതുന്നത്. 

തിങ്കളാഴ്ചയാണ് കടുവയെ ചത്തുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കടുവയുടെ തലയോട്ടി തകര്‍ന്നിട്ടുണ്ടായിരുന്നു. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് അനുശോചനം രേഖപ്പെടുത്തി. 

''രന്തംപോറിലെ പ്രശസ്തനായ കടുവയുടെ വിയോഗം വളരെ വിഷമമുള്ള വാര്‍ത്തയാണ്. അതൊരു മഹാമനസ്‌കനായ കടുവയായിരുന്നു. അനാഥരായ രണ്ട് കടുവക്കുട്ടികളെ അത് നോക്കി വളര്‍ത്തി.'' അശോക് ഗലോട്ട് പറഞ്ഞു. 

2011 ല്‍ ചത്ത ടി-5 പെണ്‍കടുവയുടെ രണ്ട് കടുവക്കുട്ടികളെ ഡോളര്‍ ആണ് സംരക്ഷിച്ചത്. മറ്റ് മൃഗങ്ങളില്‍നിന്നും കടുവകളില്‍നിന്നും അവരെ സംരക്ഷിച്ചത് ഡോളര്‍ ആയിരുന്നുവെന്നും അത് വളരെ അപൂര്‍വ്വമായ കാഴ്ചയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.