കൊല്‍ക്കത്ത: ഞണ്ടിനെ പിടിക്കാന്‍ വലവിരിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയെ കടുവ ആക്രമിച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ഝില വനമേഖലയിലാണ് സംഭവം. 55കാരനായ ദിനബന്ധു ജോദ്ദര്‍ ആണ് കൊല്ലപ്പെട്ടത്. ഇതേ പ്രദേശത്തുവച്ച് സെപ്തംബറില്‍ മൂന്ന് പേരെ കടുവ ആക്രമിച്ചുകൊന്നിരുന്നു. 

ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ജോദ്ദറിനെ അടക്കം 17 പേരെ കടുവ ആക്രമിച്ചുകൊന്നുവെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജോദ്ദറിന്റെ മൃതദേഹം ഇതുവരെയും കണ്ടെത്തിയിട്ടില്ല. 

മൂന്ന് പേര്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു. വല വലിക്കുന്നതിനിടെ, മറ്റ് രണ്ടുപേര്‍ നോക്കി നില്‍ക്കെ ജോദ്ദറിനെ കടുവ കടിച്ചുവലിച്ചുകാട്ടിലേക്ക് കൊണ്ടുപോയി. ഇരുവരും ഓടിച്ചെന്നെങ്കിലും അപ്പോഴേക്കും കടുവ ജോദ്ദറുമായി കാട്ടിലേക്ക് മറഞ്ഞിരുന്നു. 

കൊവിഡ് കാരണം ഈ ഗ്രാമത്തിലെ ആയിരക്കണക്കിന് പേരുടെ ജോലിയാണ് നഷ്ടമായത്. ഇതോടെ നിരവധി പേര്‍ ഗ്രാമം വിട്ട് നഗരത്തിലേക്ക് ജോലി തേടിയിറങ്ങി. അംഫന്‍ ചുഴലിക്കാറ്റ് അടിച്ചതോടെ ഉപ്പുവെള്ളം നദിയിലേക്ക് കയറിയതിനാല്‍ ജീവിതമാര്‍ഗ്ഗത്തിനായി കാടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സത്‌ഝേലിയ ഗ്രാമവാസികള്‍. 

അതീവ അപകടസാധ്യതയുള്ള പ്രദേശമായതിനാല്‍ വനപ്രദേശങ്ങളില്‍ ബോട്ടില്‍നിന്ന് ഇറങ്ങരുതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മീന്‍പിടുത്ത നിയമം ലംഘിച്ച് ബോട്ടുമായി വനപ്രദേശത്തുനിന്ന് പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.