നൈനിതാൽ: കലഗഡിലെ കോർബെറ്റ് കടുവ സങ്കേതത്തിൽ 23കാരനായ വനപാലകനെ കടുവ കൊന്നു. തിങ്കളാഴ്ച വൈകിട്ടാണ് സോഹൻ സിംഗ് എന്ന വനപാലകന്റെ മൃതശരീരം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കിട്ടിയത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് സർക്കാർ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

കുമവോൺ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണ മനുഷ്യർക്ക് നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു.  നൈനിതാൽ ജില്ലയിലെ ദക്ഷിണ ഗൗല വനമേഖലയിൽ ഉമ ആര്യ എന്ന 23 കാരിക്ക് പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

കഴിഞ്ഞ നവംബറിൽ ധികല സോണിൽ 20കാരനെ ഒരു പെൺകടുവ ആക്രമിച്ച് കൊന്നിരുന്നു. കഴിഞ്ഞ സെപ്തംബറിൽ 40 കാരൻ കടുവയുടെ ആക്രമണത്തിൽ മരിച്ചപ്പോൾ നാല് വയസുകാരിയായ പെൺകുട്ടികളെ ബാഗേശ്വർ ജില്ലയിലും നൈനിതാൽ ജില്ലയിലും പുലികൾ കൊന്നിരുന്നു.