മുംബൈ: വേട്ടക്കാർ ഒരുക്കിയ ഉരുക്കിന്റെ കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് കാൽ പാദം മുറിഞ്ഞുപോയ കടുവയ്ക്ക് കൃത്രിമപാദം നൽകാനൊരുങ്ങി  ഡോക്ടർമാർ. ലോകത്തിൽ ആദ്യമായിട്ടാണ് മൃ​ഗങ്ങളിൽ കൃത്രിമ അവയവം വച്ചുപിടിപ്പിക്കുന്നതെന്ന് കടുവയെ ചികിത്സിക്കുന്ന ഡോക്ടർമാർ  അവകാശപ്പെടുന്നു. ഓർത്തോപെഡിക് സർജൻ ശുശ്രൂത് ബാബുൽക്കർ, വെറ്ററിനറി ഡോക്ടർ ശിരീഷ് ഉപാധ്യായ, മഹാരാഷ്ട്ര അനിമൽ ആൻഡ് ഫിഷറീസ് സയൻസ് യൂണിവേഴ്സിറ്റി എന്നിവയിലെ മെഡിക്കൽ ഓഫീസർമാർ കൂടാതെ ഐഐടി-ബോംബെയിലെ വിദഗ്ധർ എന്നിവരും കഴിഞ്ഞ രണ്ട് വർഷമായി ഈ പദ്ധതിയിൽ സഹകരിച്ചു വരികയാണ്.

2012 ലാണ് എട്ടുവയസ്സുള്ള സാഹേബ്രാവോ എന്ന കടുവയ്ക്ക് കെണിയിലകപ്പെട്ട് അപകടം സംഭവിക്കുന്നത്. കാൽപാദം ഇല്ലാത്തത് കൊണ്ട് മുടന്തിയാണ് ന‍ടന്നിരുന്നത്. "2018 ൽ ഞാൻ ആദ്യമായി കണ്ടപ്പോൾ, സാഹേബ്രാവു വളരെ വലുതായിരുന്നു, പക്ഷേ നടക്കാൻ കഴിയുമായിരുന്നില്ല. വേദനകൊണ്ട് ഇടയ്ക്കിടെ മുരണ്ടുകൊണ്ടിരുന്നു. പ്രോസ്റ്റെറ്റിക് അവയവങ്ങൾ ഘടിപ്പിക്കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി ഞങ്ങൾ എക്സ്-റേ, അളക്കൽ തുടങ്ങിയവ ചെയ്തിട്ടുണ്ട്. രണ്ട് മൂന്ന് മാസം മുമ്പ്, കടുവയ്ക്ക് വേദന നൽകുന്ന ഒരു ഞരമ്പിലാണ് ഞങ്ങൾ ശസ്ത്രക്രിയ നടത്തിയത്.'' ഡോക്ടർ ബാബുൽക്കർ പി.ടി.ഐയോട് പറഞ്ഞു. ദീ​ർഘനാളായിട്ടുള്ള മുറിവായതിനാൽ സുഖപ്പെടാൻ ബുദ്ധിമുട്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ചയാണ് കൃത്രിമ പാദം ഘടിപ്പിക്കുന്നതിന്റെ അവസാന പ്രക്രിയ നടപ്പിലാക്കുന്നത്. ''അന്താരാഷ്ട്രതലത്തിലുള്ള മെഡിക്കൽ വിദ​ഗ്ധരുമായി കൂടിയാലോചിച്ചതിന് ശേഷം പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു പ്രോസ്റ്റെറ്റിക് അവയവം ഞങ്ങൾ ഘടിപ്പിക്കും. വെറ്ററിനറി സർജൻ ശിരീഷ് ഉപാധ്യായ ഓപ്പറേഷന് ചുക്കാൻ പിടിക്കും," അദ്ദേഹം പറഞ്ഞു. “ലോകത്തെവിടെയും ഇതുപോലൊന്ന് സംഭവിക്കുന്നത് കേട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇത്തരം മുന്നേറ്റം.” ഡോക്ടർ ബാബുൽക്കർ അവകാശപ്പെട്ടു.