ദില്ലി: തീഹാർ ജയിലിലെ അന്തേവാസികൾക്ക് കൊറോണ വൈറസ് ബാധ പരിശോധനയ്ക്ക് വിധേയമാക്കി. കൂടാതെ ജയിലിനുള്ളിൽ തന്നെ ഐസൊലേഷൻ വാർഡ് സജ്ജമാക്കിയതായും ജയിൽ അധികൃതർ അറിയിച്ചു. ദേശീയമാധ്യമമായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയിലിലെ എല്ലാ അന്തേവാസികളെയും പരിശോധനയ്ക്ക് വിധേയമാക്കി. ആർക്കും ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. പുതിയതായി എത്തിയ തടവുകാരെ പരിശോധനയ്ക്ക് വിധേയമാക്കി മൂന്ന് ദിവസത്തേയ്ക്ക് മറ്റൊരു വാർഡിൽ പാർ‌പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. 

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെക്കുറിച്ചും വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും തടവുകാർക്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈ കഴുകുന്നതിനെക്കുറിച്ചും മറ്റ് അന്തേവാസികളുമായി ഇടപഴകുന്നതിനെ കുറിച്ചും വിശദീകരണം നൽകിയിട്ടുണ്ട്. 17500 ഓളം തടവുകാരാണ് ഇപ്പോൾ തീഹാർ ജയിലിലുള്ളത്. 

ഇന്ത‌്യയിലാകെ 83 പേരാണ് കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. രണ്ട് പേർ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടു. ആശങ്ക ജനിപ്പിച്ച് വൈറസ് വ്യാപകമായി പ്രചരിക്കുന്ന സഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം സ്ഥാപനങ്ങൾ, സിനിമ തിയേറ്ററുകൾ, മാളുകൾ, എന്നിവ അടച്ചുപൂട്ടിയിരിക്കുകയാണ്.