ദില്ലി: രാജ്യത്തെ നടുക്കിയ ദില്ലി നിർഭയ കൂട്ടബലാത്സം​ഗക്കേസ്സിൽ പ്രതികളെ തൂക്കിലേറ്റാൻ സന്നദ്ധരാണെന്ന് അറിയിച്ച് പതിനഞ്ച് വ്യക്തികൾ. ഇത് സംബന്ധിച്ച് പതിനഞ്ചിലധികം കത്തുകൾ ലഭിച്ചെന്ന് തീഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തി. പതിനഞ്ച് കത്തുകളിൽ രണ്ടെണ്ണം ഇന്ത്യയ്ക്ക് വെളിയിൽ നിന്നുള്ളതാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പ് ‌ഡിസംബർ പതിനാറിനാണ് ദില്ലിയിൽ ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായ കൂട്ടബലാത്സം​​ഗത്തിനിരയായി കൊല്ലപ്പെട്ടത്.

ദില്ലി, ​ഗുരു​ഗ്രാം, മുംബൈ, ഛത്തീസ്​ഗണ്ഡ്, കേരളം, ഛത്തീസ്​ഗണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് കത്തുകൾ ലഭിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തുന്നു. അമേരിക്ക, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ കത്തുകളുമുണ്ട്. തീഹാർ ജയിലിൽ ആരാച്ചാരില്ല. ഇതിന് മുമ്പ് വധശിക്ഷ നടപ്പിലാക്കിയപ്പോൾ മീററ്റ് ജയിലിൽ നിന്നുള്ള ആരാച്ചാരുടെ സേവനമാണ് ഉപയോ​ഗപ്പെടുത്തിയത്. ആവശ്യമെങ്കിൽ വധശിക്ഷ നടപ്പാക്കാൻ ജയിൽ ഉദ്യോ​ഗസ്ഥരുടെ സഹായം തേടുമെന്നും തീഹാർ ജയിൽ ഉദ്യോ​ഗസ്ഥൻ പറയുന്നു.

 പ്രതികളിലൊരാളായ പവൻ ​ഗുപ്തയെ മണ്ഡോലി ജയിലിൽ നിന്നും തീഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. പവൻ ​ഗുപ്ത, അക്ഷയ് താക്കൂർ, വിനയ് ശർമ്മ, മുകേഷ് സിം​ഗ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന പ്രതികൾ. ആറ് പേരായിരുന്നു നിർഭയകേസിലെ കുറ്റവാളികൾ. എന്നാൽ ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. മറ്റൊരാൾ ജയിലിൽ തന്നെ തൂങ്ങിമരിച്ചു.