ദില്ലി: കര്‍ഷക മാര്‍ക്കറ്റ് സന്ദര്‍ശനത്തിനിടെ ഉദ്യോഗസ്ഥനെ ചെരിപ്പിനടിച്ച് ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോ​ഗട്ട്. മാര്‍ക്കറ്റിനേക്കുറിച്ച് കര്‍ഷകര്‍ നല്‍കിയ പരാതിയെക്കുറിച്ച് ചോദ്യം ചെയ്യുന്നതിന് ഇടയില്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശമാണ് സൊനാലിയെ പ്രകോപിപ്പിച്ചത്. നിരവധി തവണ ചെരിപ്പുകൊണ്ട് സുല്‍ത്താന്‍ സിംഗ് എന്ന മാര്‍ക്കറ്റ് കമ്മിറ്റി അംഗത്തെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടക്കുന്നത്. മര്‍ദ്ദനത്തിനിടെ പരാതിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം തനിക്കല്ലെന്ന് പറഞ്ഞ് സൊനാലിയോട് നിരവധി തവണ കെഞ്ചുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. പരാമര്‍ശത്തിന് ഉദ്യോഗസ്ഥന്‍ ക്ഷമാപണം നടത്തിയതോടെ പൊലീസ് കേസ് വേണ്ടെന്ന നിലപാടിലാണ് സൊനാലിയുള്ളത്. ഹരിയാന മുഖ്യമന്ത്രി സംഭവത്തില്‍ സൊനാലിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കുന്നത് തെറ്റല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മൃഗങ്ങളെ എന്നപോലെയാണ് ബിജെപി നേതാവ് ആക്രമിച്ചത്. സംഭവത്തില്‍ ഖട്ടര്‍ സര്‍ക്കാര്‍ നടപടിയെടുക്കുമോയെന്നും രണ്‍ദീപ് സിംഗ് സുര്‍ജെവാല ചോദിക്കുന്നു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ബിജെപി സ്ഥാനാർത്ഥിയാണ് സൊനാലി ഫോ​ഗട്ട്. ഒക്ടോബർ 21-ന് ഹരിയാനയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആദംപൂർ മണ്ഡലത്തി‌ലാണ് സൊനാലി മത്സരിച്ചത്. ബിജെപി ടിക്കറ്റിൽ മത്സരിച്ച സൊനാലിയെ പിന്തള്ളി ഹരിയാന മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകനും കോൺ​ഗ്രസ് നേതാവുമായ കുൽദീപ് ബിഷ്ണോയാണ് മണ്ഡലത്തിൽ വിജയിച്ചത്. 

ടിക് ടോകിൽ മാത്രം ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുള്ള സൊനാലിയെ ഇറക്കി കോൺ​ഗ്രസ് കോട്ടയായ ആദംപൂർ പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ, നിയമസഭ തെര‍ഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ബിജെപി നേരിട്ടത്.  രണ്ട് വര്‍ഷം മുന്‍പാണ് സൊനാലി ബിജെപിയിൽ ചേർന്നത്. വൈകാതെ സൊനാലി പാർട്ടിയുടെ വനിതാ സെല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ 12 വര്‍ഷമായി ബിജെപിയിൽ പ്രവർത്തിക്കുന്നതിനാലാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതെന്നായിരുന്നു സൊനാലിയുടെ വിശദീകരണം.

തെര‍ഞ്ഞടുപ്പ് റാലിക്കിടെ സൊനാലി നടത്തിയ പരാമർശം വൻവിവാദമായിരുന്നു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കാത്തവര്‍ക്ക് യാതൊരു വിലയുമില്ലെന്നായിരുന്നു സൊനാലിയു‌‍ടെ പരാമർശം. ഹിസാറിലെ പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു ഒരുകൂട്ടം ആളുകളോട് സൊനാലി ക്ഷോഭിച്ചത്. 'നിങ്ങൾ പാകിസ്താനില്‍ നിന്നുള്ളവരോണോ' എന്ന് ആക്രോശിക്കുന്ന സൊനാലിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

തുടർന്ന് വിഡിയോയ്ക്കെതിതെ പ്രതിഷേധവും വിമർശനങ്ങളും രൂക്ഷമായതോടെ ക്ഷമാപണം നടത്തി സൊനാലി രം​ഗത്തെത്തിയിരുന്നു. ‘ഭാരത് മാതാ കി ജയ്” മുദ്രാവാക്യം മുഴക്കി രാജ്യത്തോട് ആദരവ് കാണിക്കണമെന്ന് യുവാക്കളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തത്. തന്റെ പ്രവൃത്തി ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സൊനാലി പറഞ്ഞിരുന്നു.