Asianet News MalayalamAsianet News Malayalam

Times Now Survey : ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം

പ്രമോദ് സാവന്ത്  നയിക്കുന്ന സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഗോവയിലെ ഫലത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടി ഗോവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യതയും സര്‍വേ തള്ളുന്നില്ല

Times Now Survey predicts BJP win in Uttar Pradesh and Uttarakhand 2022
Author
New Delhi, First Published Jan 10, 2022, 10:57 PM IST

ഉത്തര്‍ പ്രദേശിലും (Uttar Pradesh) ഉത്തരാഖണ്ഡിലും (Uttarakhand) ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടൈംസ് നൌ നടത്തിയ സര്‍വേയിലാണ് (Times Now Survey) ഫലം. ഉത്തർപ്രദേശിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ അഭിപ്രായ സർവേ വിശദമാക്കുന്നത്. 227 മുതൽ 254 വരെ സീറ്റ് സംസ്ഥാനത്ത് നേടാൻ ബിജെപിക്ക് ആകും. രണ്ടാമതെത്തുന്ന സമാജ് വാദി പാർട്ടിക്ക് പരമാവധി 151 സീറ്റിലെ വിജയം നേടാൻ കഴിയൂ. ബിഎസ്പി മൂന്നാമതും കോൺഗ്രസ് നാലാമതും ആകുമെന്നുമാണ് സർവേ പ്രവചിക്കുന്നത്. 

ഉത്തരാഖണ്ഡിലും ഗോവയിലും അധികാരം നിലനിർത്താൻ ബി ജെ പിക്ക് ആകും. എന്നാല്‍ ഗോവയില്‍ പ്രമോദ് സാവന്ത്  നയിക്കുന്ന സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഫലത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടി ഗോവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യതയും സര്‍വേ തള്ളുന്നില്ല. പഞ്ചാബിൽ കോൺഗ്രസി നെ പിന്തള്ളി ആം ആദ്മി പാർട്ടി 58 സീറ്റ് വരെ നേടുമെന്നും ചാനൽ പുറത്ത് വിട്ട അഭിപ്രായ സർവേ പറയുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് പത്തിനാണ് പ്രഖ്യാപിക്കുക.ഏഴ് ഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് നടക്കുക. ഉത്തരാഖണ്ഡിലും ഗോവയിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 

നേരത്തെ ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത്  നടത്തിയ സര്‍വേയില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു.  233 മുതല്‍ 252 സീറ്റുവരെ നേടിയാകും ബിജെപി വീണ്ടും അധികാരത്തിലെത്തുക. സമാജ്വാദി പാര്‍ട്ടിക്ക് 135 മുതല്‍ 149 സീറ്റ് വരെ ലഭിക്കാനുള്ള സാധ്യതയാണ് സര്‍വ്വേയില്‍ വ്യക്തമാവുന്നത്. കോണ്‍ഗ്രസ് ഒറ്റ അക്കത്തില്‍ ചുരുങ്ങുമെന്നും ഇന്ത്യ ന്യൂസ് ജന്‍ കി ബാത്ത്  നടത്തിയ സര്‍വേ വിശദമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios