ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും  ദില്ലിയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കി ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോ ജേണലിസ്റ്റ് അനിന്ദ്യ ചട്ടോപാധ്യായ. മൗജ്‍പൂര്‍ മെട്രോ സ്റ്റേഷനില്‍ 12.15ഓടെ എത്തിയപ്പോള്‍ മുതല്‍ നേരിട്ടത് ഇത്രയും കാലത്തിന് ഇടയ്ക്ക് നേരിടാത്ത അനുഭവങ്ങള്‍. നെറ്റിയില്‍ തിലകക്കുറിയിടാന്‍ ഹിന്ദു സേന പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടത് മുതലാണ് തുടക്കം. തിലകം ചാര്‍ത്തുന്നത് നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന പരാമര്‍ശത്തോടെയായിരുന്നു അത്. തന്‍റെ കൈവശം ക്യാമറ കണ്ടെങ്കില്‍ കൂടിയും അവര്‍ തിലകം ഇടാന്‍ നിര്‍ബന്ധിച്ചുവെന്ന് ഫോട്ടോ ജേണലിസ്റ്റ് അനിന്ദ്യ ചതോപാധ്യായ  പറയുന്നു. 

പതിനഞ്ച് മിനിട്ടിനുള്ളില്‍ മേഖലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറ് തുടങ്ങി. മോദി, മോദി എന്ന് മുദ്രാവാക്യം വിളിയുടെ ഒപ്പം ആകാശത്ത് കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു. തീപിടുത്തമാണെന്ന് മനസിലാക്കി പുക കണ്ട സ്ഥലത്തേക്ക് പോയ തന്നെ ശിവ മന്ദിറിന് സമീപം വച്ച് ചിലര്‍ തടഞ്ഞു. ചിത്രങ്ങള്‍ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ നിഷേധിച്ചു. നിങ്ങളും ഹിന്ദുവല്ലേ? പിന്നെന്തിനാണ് അവിടെ പോവുന്നത്? ഇന്ന് ഹിന്ദുക്കള്‍ ഉണര്‍ന്നിരിക്കുകയാണ്.  അവിടെ പോകണ്ടെന്നും സംഘത്തിലൊരാള്‍ പറഞ്ഞു. അവരുടെ ശ്രദ്ധയില്‍പ്പെടാതെ സംഭവ സ്ഥലത്തെത്തി ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയതോടെ ഒരു കൂട്ടം യുവാക്കള്‍ അടുത്തെത്തി. കയ്യില്‍ മുളവടികളും ഇരുമ്പ് ദണ്ഡുകളും പിടിച്ചായിരുന്നു അവര്‍ വന്നത്. ക്യാമറ പിടിച്ച് മാറ്റാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ തനിക്കൊപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ സാക്ഷി ചാന്ദ് അവരെ തടഞ്ഞു. ക്യാമറയോ തന്നെയോ തൊടാന്‍ ശ്രമിച്ചവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെ യുവാക്കള്‍ മാറിപ്പോയി. 

എന്നാല്‍ അവര്‍ തന്നെ പിന്തുടര്‍ന്നു. നീ കൂടുതല്‍ ആഘോഷിക്കണ്ട. നീ ഹിന്ദുവാണോ അതോ മുസ്‍ലീമോ എന്ന് ചോദിച്ചു. പാന്‍റ് അഴിച്ച് തന്‍റെ മതം ഏതാണെന്ന് വ്യക്തമാക്കാന്‍ അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ താനൊരു സാധാരണ ഫോട്ടോഗ്രാഫര്‍ ആണെന്ന് പറഞ്ഞ് കെഞ്ചിയതോടെ അവര്‍ തന്നെ വെറുതെ വിടുകയായിരുന്നു. ഓഫീസ് വാഹനത്തിന് വേണ്ടി നോക്കി നടന്ന തനിക്ക് ഒരു ഓട്ടോക്കാരന്‍ സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ഓട്ടോയുടെ പേര് വീണ്ടും തന്നെ കുഴപ്പത്തിലാക്കി. ജഫ്രാബാദിന് സമീപം വച്ച് ഒരു സംഘം ആളുകള്‍ ഞങ്ങളെ കണ്ടു. അവര്‍ ഓട്ടോയില്‍ നിന്ന് കോളറിന് പിടിച്ച് തന്നെ വലിച്ച് നിലത്തിട്ടു. ഓട്ടോ ഡ്രൈവര്‍ സാധുവാണെന്നും താന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും പറഞ്ഞതോടെ അവര്‍ തന്നെ വിട്ടയച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോഗ്രാഫര്‍ കുറിക്കുന്നു.