ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഭിത്തിത്തുരന്ന് ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ അഞ്ച് ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോ​ദ്യം ചെയ്ത് വരുകയാണ്. മോഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നി​ഗമനം. പ്രതികളെ തിരുച്ചിറപ്പള്ളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 50 കോടിയോളം രൂപയുടെ സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് ജ്വല്ലറിയില്‍നിന്ന് മോഷണം പോയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ജ്വല്ലറിയ്ക്ക് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിലും സമാനമായ രാതിയിൽ കവർച്ച നടന്നിരുന്നു. ഭിത്തിത്തുരന്ന് ബാങ്കിനകത്ത് കയറിയ മോഷ്ടാക്കൾ ലോക്കറുകൾ തകർത്ത് 17 ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണ്ണവും കവര്‍ന്നിരുന്നു. ഈ മോഷണവുമായി പിടിയിലായവർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചവരുകയാണ്.

ബുധനാഴ്ച പുലർച്ചെയാണ് നാടിനെ ഞെട്ടിച്ച കവർച്ച നടന്നത്. ചെന്നൈ ട്രിച്ചി ദേശീയപാതയ്ക്ക് സമീപം തിരുച്ചിറപ്പിള്ളി നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ലളിതാ ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിത്തുരന്നാണ് മോഷ്ടാക്കൾ ജ്വല്ലറിക്കകത്ത് കയറിയത്. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്റ്റോര്‍ റൂമ്മിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

Read More: ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മുഖംമൂടി സംഘം കവര്‍ന്നത് 50 കോടിയുടെ സ്വര്‍ണം; തമിഴ്നാടിനെ ഞെട്ടിച്ച മോഷണം

രാവിലെ ഒന്‍പത് മണിയോടെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് കവര്‍ച്ചാ വിവരം പുറംലോകം അറിയുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിനായി ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നത്. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ജ്വല്ലറിയുടെ പുറക് വശത്തുള്ള സ്കൂളിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Read More: ഒരേ സമയം, സമാന രീതി; ചുമരും വാതിലും കുത്തിതുറന്നുള്ള മോഷണ പരമ്പരയില്‍ ഞെട്ടി തമിഴ്നാട്

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മോഷണ രീതി കണക്കിലെടുത്ത് ഉത്തരേന്ത്യന്‍ സംഘമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ആദ്യമേ സംശയിച്ചിരുന്നു. രാജസ്ഥാനിലെ ബാഗ്രി സമുദായത്തില്‍പ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ സമാനരീതില്‍ നാല് വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് പുലര്‍ച്ചെ കവര്‍ച്ച നടത്തിയ ശേഷം ഉടന്‍ ട്രെയിനില്‍ ഗ്രാമത്തിലേക്ക് കടക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലീസ് പറഞ്ഞു. തമിഴ്നാട് മധ്യമേഖലാ ഐജി വരദരാജുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.