ചെന്നൈ: ചുമരും വാതിലും കുത്തിതുറന്ന്, സംഘംചേര്‍ന്നുള്ള മോഷണം ആവര്‍ത്തിക്കുന്നതിന്‍റെ ഞെട്ടലിലാണ് തമിഴ്നാട്. ചെന്നൈയിലെ മോഷണ പരമ്പരയില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് വീണ്ടും വന്‍ കവര്‍ച്ച നടന്നത്. സമാന രീതിയില്‍ മാസങ്ങള്‍ക്കുള്ളില്‍, തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ രണ്ടാമത്തെ മോഷണമാണിത്.

ഒരേ സ്ഥലം, സമയം, സമാന മോഷ്ണരീതി. തിരുച്ചിറപ്പള്ളിയിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം നടക്കുന്ന രണ്ടാമത്തെ കവര്‍ച്ചയിലും എല്ലാം ഒരുപോലെ. ഇപ്പോള്‍ മോഷ്ണം നടന്ന ലളിത ജ്വല്ലറിക്ക് സമീപം അര കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിലായിരുന്നു മസാങ്ങള്‍ക്ക് മുമ്പുള്ള കവര്‍ച്ച. അതീവസുരക്ഷയുണ്ടായിരുന്ന ബാങ്കിന്‍റെ ഭിത്തി തരുന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ മുഖം മൂടി അണിഞ്ഞാണ് കവര്‍ച്ച നടത്തിയത്.

മൂന്ന് ലോക്കറുകള്‍ തകര്‍ത്ത് അന്ന് 17 ലക്ഷം രൂപയും നാല്‍പത് പവനുമായി കടന്നു. അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുവെങ്കിലും പ്രതികള്‍ ആരെന്ന് ഇപ്പോഴും സ്ഥരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് സമാന കവര്‍ച്ച തിരുച്ചിറപ്പള്ളിയെ ഭീതിയിലാഴ്ത്തുന്നത്. ഭിത്തി തുരക്കാന്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ജ്വല്ലറിക്ക് പുറികിലെ സ്കൂളിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. 

സ്കൂളിന് പുറകിലൂടെ രണ്ട് കിലോമീറ്റര്‍ പോയാല്‍ ലോക്കല്‍ സ്റ്റേഷന്‍ എത്തുമെന്നത് സംശയങ്ങള്‍ ഉത്തരേന്ത്യന്‍ സ്വദേശികളിലേക്കും നീട്ടുന്നു. ഒരാഴ്ച മുമ്പാണ് ചെന്നൈയില്‍ നാല് വീടുകള്‍ കുത്തി തുറന്ന് രാജസ്ഥാന്‍ സ്വദേശികള്‍ സ്വര്‍ണവും പണവും കവര്‍ന്നത്.വിവിധ സംഘങ്ങളായി അതിരാവിലെ മോഷണം നടത്തി ഉടന്‍ ട്രെയിനില്‍ ഗ്രാമത്തിലേക്ക് കടക്കുന്നതാണ് ബാഗ്രി സമുദായക്കാരായ ഇവരുടെ രീതി. സംശയാസ്പദമായ രീതിയില്‍ തൊഴിലിന് എത്തിയവരെ നിരീക്ഷിക്കുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അഞ്ച് ലോക്കറുകള്‍ തകര്‍ത്താണ് അമ്പത് കോടിയോളം രൂപയുടെ സ്വര്‍ണം ഇവര്‍ ബാഗുകളിലാക്കി കടന്നത്. തെളിവ് നശിപ്പിക്കാന്‍ മുളക് പൊടിയും വിതറി. രണ്ട് പേരെ അകത്ത് പ്രവേശിച്ചുള്ളൂവെങ്കിലും പുറത്ത് നിന്നും സഹായം ലഭിച്ചിരിക്കാമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ സംശയാസ്പദമായ ഒന്നും ശ്രദ്ധയില്‍പ്പെട്ടില്ലാണ് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്‍റെ മൊഴി. ജീവനക്കാരുടെ പങ്കും പരിശോധിക്കുന്നുണ്ട്. 

ജ്വല്ലറിക്ക് പുറകിലെ സ്കൂളിനോട് ചേര്‍ന്ന ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിത്. പ്രദേശത്ത് ദിവസങ്ങളോളം നിരീക്ഷണം നടത്തിയതിന് ശേഷമുള്ള കവര്‍ച്ചയെന്നാണ് പൊലീസ് നിഗമനം. തമിഴ്നാട് മധ്യമേഖലാ ഐജിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സിഐമാരുടെ ടീമാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാക്കള്‍ പിടിയിലായാല്‍ തിരുച്ചിറപ്പള്ളിയെ ഭീതിയിലാക്കിയ മോഷണ പരമ്പരയുടെ ചുരുളഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.