പശ്ചിമ ബംഗാളിലെ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രിയും തൃണമൂൽ നേതാവുമായ സുജിത് ബോസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സൗത്ത് ദം ദം മുനിസിപ്പാലിറ്റിയിൽ നിയമവിരുദ്ധമായി ജോലി നൽകി പണം വാങ്ങിയെന്നാണ് പ്രധാന ആരോപണം.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രിയും പ്രമുഖ നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്നലെ രാത്രി വൈകിയാണ് സി.ജി.ഒ കോംപ്ലക്സിലെ ഇ.ഡി ഓഫീസിൽ വെച്ച് ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ പത്തരയോടെ ഇ.ഡി ഓഫീസിലെത്തിയ അദ്ദേഹത്തെ ഉദ്യോഗസ്ഥർ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തു. മൊഴികളിലെ വൈരുദ്ധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇ.ഡി അറിയിച്ചുി.

Add Asianetnews as a Preferred SourcegooglePreferred

സൗത്ത് ദം ദം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായിരുന്ന കാലയളവിൽ നിയമവിരുദ്ധമായി നിരവധി പേർക്ക് ജോലി നൽകിയെന്നാണ് ആരോപണം. ഇതിന് പകരമായി വൻതുക കൈക്കൂലിയായി വാങ്ങിയെന്നും ഇ.ഡി ആരോപിക്കുന്നു. ഏകദേശം 150-ഓളം ഉദ്യോഗാർത്ഥികളെ സുജിത് ബോസ് നേരിട്ട് ശുപാർശ ചെയ്തതായി അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലെ വൻ സാമ്പത്തിക ഇടപാടുകളും, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും ഇ.ഡി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പശ്ചിമ ബംഗാളിലെ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിക്കേസ് അന്വേഷിക്കുന്നതിനിടയിലാണ് മുനിസിപ്പാലിറ്റികളിലെ ഈ നിയമന ക്രമക്കേടിലേക്കും അന്വേഷണം നീണ്ടത്.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് സുജിത് ബോസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണമാറ്റത്തിന് ശേഷം അറസ്റ്റിലാകുന്ന ആദ്യ ടിഎംസി നേതാവും മുൻ മന്ത്രിയുമാണ് സുജിത് ബോസ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിധാനഗർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയായി മത്സരിച്ച സുജിത് ബോസ് ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ അഴിമതിക്കെതിരായ ശക്തമായ നടപടിയാണിതെന്ന് ബി.ജെ.പി മറുപടി നൽകുന്നു. പശ്ചിമ ബംഗാളിലെ മറ്റ് 17 മുനിസിപ്പാലിറ്റികളിലും സമാനമായ രീതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.