പശ്ചിമ ബംഗാളിലെ രാഷ്ട്രീയ എതിരാളികളായ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ അപ്രതീക്ഷിത ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മമത ബാനർജി സി.പി.എം നേതാവ് എം.എ. ബേബിയുമായി ഫോണിൽ സംസാരിച്ചു. ബി.ജെ.പിക്കെതിരെ ഇന്ത്യ സഖ്യം ഒന്നിച്ചുനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ദില്ലി: പശ്ചിമ ബംഗാളിൽ പതിറ്റാണ്ടുകളായി രാഷ്ട്രീയ എതിരാളികളായ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും (ടി.എം.സി) സി.പി.എമ്മും പരസ്പരം ആശയവിനിമയം നടത്തി. മമത ബാനർജി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായി ഫോണിൽ സംസാരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ എസ്ഐആർ പ്രവർത്തനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആശങ്കകളാണ് ചർച്ചയായതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിലെ സ്ഥാപക അംഗങ്ങളാണ് ഇരുപാർട്ടികളെങ്കിലും പരസ്പര വൈര്യത്തെ തുടർന്ന് ഒരു ഘട്ടത്തിലും ഇരുപാർട്ടിയിലെയും നേതാക്കൾ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നില്ല.

എസ്ഐആറുമായും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായും ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്യുന്നതിനായി അടുത്ത ആഴ്ച ആദ്യം തന്നെ 'ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗം വിളിച്ചുചേർക്കണമെന്ന് മമത ബാനർജി രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു. തൃണമൂൽ കോൺഗ്രസ് ഡെപ്യൂട്ടി ലീഡർ കല്യാൺ ബാനർജി വെള്ളിയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് വിഷയം ചർച്ച ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായാണ് മമതയും എംഎ ബേബിയും ഫോണിൽ ആശയവിനിമയം നടത്തിയത്.

കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഒന്നിച്ചുനിൽക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് മമത ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പശ്ചിമ ബംഗാളിൽ ഇരുപാർട്ടികളും തമ്മിൽ നിലനിൽക്കുന്ന വൈര്യത്തിനിടയിലും, ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പാക്കാൻ ഒരുമിച്ച് നീങ്ങണമെന്ന വിലയിരുത്തലിലാണ് ഈ നീക്കം.