തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്, തൂത്തുക്കുടിയിൽ 38,000 കോടി രൂപയുടെ കൂറ്റൻ കപ്പൽ നിർമ്മാണ ശാലയ്ക്ക് അനുമതി നൽകി. പതിനയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മെഗാ പ്രൊജക്റ്റ് ദക്ഷിണ തമിഴ്‌നാടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചെന്നൈ: തൂത്തുക്കുടിയിൽ കൂറ്റൻ കപ്പൽ നിർമാണ ശാലയ്ക്ക് പച്ചക്കൊടി വീശി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. എച്ച് ഡി ഹ്യുണ്ടായ് ആണ് 38,000 കോടി രൂപയുടെ പദ്ധതിയുമായി വന്നത്. കപ്പൽ നിർമ്മാണ ശാല യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വിജയ് ബുധനാഴ്ച വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ പ്രദേശത്ത് പതിനയ്യായിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ കമ്പനികളിലൊന്നായ എച്ച്.ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗിന്റെ ഉന്നതതല സംഘം ചെന്നൈയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയൻ കമ്പനി ഇതിനകം തന്നെ സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പദ്ധതിയുടെ പുരോഗതിയും തുടർനടപടികളും അവലോകനം ചെയ്യാനായിരുന്നു കൂടിക്കാഴ്ച. പുതിയ കപ്പൽ നിർമ്മാണ ശാല വരുന്നതോടെ അനുബന്ധ വ്യവസായ മേഖലകളിലും വൻ വളർച്ചയുണ്ടാകുമെന്ന് സർക്കാർ അവകാശപ്പെട്ടു. പ്രാദേശിക വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ദക്ഷിണ തമിഴ്‌നാട്ടിലാകെ വലിയ തോതിലുള്ള സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാൻ ഈ മെഗാ പ്രൊജക്റ്റിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തമിഴ്‌നാട് ഇൻഡസ്ട്രിയൽ പ്രൊമോഷൻ കോർപ്പറേഷനും വി ഒ ചിദംബരനാർ പോർട്ട് അതോറിറ്റിയും സംയുക്തമായി നാഷണൽ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് പാർക്ക് തമിഴ്‌നാട് ലിമിറ്റഡ് എന്ന പേരിൽ ഒരു പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിൽ നിന്നുള്ള പ്രാഥമിക അനുമതിയും പദ്ധതിക്ക് ഇതിനകം ലഭിച്ചുകഴിഞ്ഞു.

എച്ച്.ഡി കെ.എസ്.ഒ.ഇ ഗ്ലോബൽ ബിസിനസ് ഡയറക്ടർ യങ് ഹൂൺ ക്വോണിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. പദ്ധതി എത്രയും വേഗം ആരംഭിക്കാനുള്ള താല്പര്യം കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ചയിൽ അറിയിച്ചു. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും തമിഴ്‌നാട് സർക്കാരിന്റെ സജീവമായ പിന്തുണ ഉണ്ടാകുമെന്നും നിശ്ചിത സമയത്തിനകം തന്നെ പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിജയ് അവർക്ക് ഉറപ്പുനൽകി.

വ്യവസായ വകുപ്പ് മന്ത്രി സെൽവി എസ്. കീർത്തന, ചീഫ് സെക്രട്ടറി എം. സായ്കുമാർ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എസ്. വിജയകുമാർ, സിപ്കോട്ട് മാനേജിംഗ് ഡയറക്ടർ എസ്.എ. രാമൻ, ഗൈഡൻസ് തമിഴ്‌നാട് മാനേജിംഗ് ഡയറക്ടർ ദീപക് ജേക്കബ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. എച്ച്.ഡി കെ.എസ്.ഒ.ഇ പ്രതിനിധികളായ സൺജൂൺ ഹോങ്, ഹോങ്ചിയോൾ കിം എന്നിവരും സംഘത്തിലുണ്ടായിരുന്നു. തൂത്തുക്കുടിയെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രധാന കപ്പൽ നിർമ്മാണ വ്യവസായ ഹബ്ബായി മാറ്റാൻ ഈ പ്രൊജക്റ്റിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ദക്ഷിണ തമിഴ്‌നാടിന്റെ സമുദ്ര-വ്യവസായ മേഖലകൾക്ക് പുതിയൊരു ഉണർവ് നൽകാനും ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.