ഇരുന്നൂറ് മീറ്ററോളം കാറോടിച്ചു പോയ ശേഷമാണ് ഇയാൾ വണ്ടി നി‍ത്തിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

തിരുനെൽവേലി: തമിഴ്നാട് തിരുനെൽവേലിയിൽ മദ്യലഹരിയിൽ യുവാവിനെ കാറിന്‍റെ ബൊണറ്റിനോട് ചേർത്തുനിർത്തി ഓടിച്ച് പൊലീസുകാരൻ. സിറ്റി ട്രാഫിക് വിംഗ് എഎസ്ഐ ഗാന്ധി രാജൻ ആണ് അശോക് കുമാർ എന്ന യുവാവിനെ സ്വന്തം കാറിന്റെ ബൊണാറ്റിനോട് ചേർത്ത് ഓടിച്ചത്. അശോക് നിലവിളിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ കാർ നിർത്തിയില്ല. ഇരുന്നൂറ് മീറ്ററോളം കാറോടിച്ചു പോയ ശേഷമാണ് ഇയാൾ വണ്ടി നി‍ത്തിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

തിരുനെൽവേലിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഗാന്ധി രാജന്റെ കാർ അശോകിന്റ ബൈക്കിൽ ഇടിച്ചു. തിരുനെൽവേലി ടൗണിലെ കല്ലണൈ സ്ട്രീറ്റിന് സമീപത്താണ് അപകടം നടന്നത്. ബസിന് പിന്നിൽ നി‍ത്തിയ ബൈക്കിൽ ഗാന്ധി രാജന്‍റെ കാർ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് യാത്രികൻ അശോക് വീണു. തുടർന്ന് രാജനും അശോകും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെന്ന് മനസിലായതോടെ യുവാവ് പ്രതികരിച്ചു. എന്നാൽ ഇത് വക വെക്കാതെ രാജൻ കാർ എടുത്ത് പോകാൻ തുടങ്ങിയപ്പോൾ അശോക് മുന്നിൽ നിന്ന് തടയാൻ ശ്രമിച്ചു. ഇതോടെ രാജൻ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.

പരാതിയില്ല, നടപടി വീഡിയോ വൈറലായതോടെ 

വാഹനത്തിന് കേടുപാടുകൾ പറ്റിയതോടെ നഷ്ടപരിഹാരം ചോദിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥൻ ബൈക്ക് യാത്രികനെ ആക്രമിച്ചത്. എന്നാൽ പൊലീസുകാരൻ യുവാവിനെ അസഭ്യം പറഞ്ഞ് ബോണറ്റിലേക്ക് ഇടിച്ച് കയറ്റി കാർ മുന്നോട്ടെടുക്കുകയായിരുന്നു. വണ്ടി നിർത്താൻ യുവാവ് കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ കാർ നിർത്തില്ല. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണ് ഗാന്ധി രാജനെ സസ്പെൻഡ് ചെയ്തതത്. എന്നാൽ യുവാവ് പരാതി നൽകിയിട്ടില്ലെന്ന് തിരുനെൽവേലി എസ്പി അറിയിച്ചു.

കാർ ബൈക്കിൽ ഇടിച്ചതിനെ ചൊല്ലി തർക്കം; യുവാവിനെ ബോണറ്റിനോട് ചേർത്തുനിർത്തി കാർ ഓടിച്ചു