ഓസ്ട്രിയയിലെ വിയന്നയിലുളള അന്താരാഷ്ട്ര അഴിമതി വിരുദ്ധ അക്കാദമിയിലാണ് പരിശീലനം

ദില്ലി: ഇന്ത്യയിൽ നടക്കുന്ന അഴിമതികൾ കൂടുതൽ കൃത്യതയോടെ കണ്ടെത്തുന്നതിന് കേന്ദ്ര വിജിലൻസ് കമ്മിഷൻ, ഉദ്യോഗസ്ഥരെ യൂറോപ്പിൽ പ്രത്യേക പരിശീലനത്തിന് അയക്കുന്നു. ഓസ്ട്രിയയിലെ വിയന്നയിലുളള അന്താരാഷ്ട്ര അഴിമതി വിരുദ്ധ അക്കാദമിയിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ജൂൺ മൂന്ന് മുതൽ 14 വരെയാണ് പരിശീലനം നൽകുന്നത്.

ചീഫ് വിജലൻസ് ഓഫീസർമാർക്കും അഴിമതി കണ്ടെത്തുന്ന ജോലികൾ ചെയ്യുന്ന മറ്റ് ഉ0ദ്യോഗസ്ഥർക്കുമാണ് പരിശീലനം. ഇവർ ഏപ്രിൽ ഒന്ന് വരെയുളള രണ്ട് വർഷക്കാലത്ത് മറ്റ് വിദേശ പരിശീലനം നേടിയവരാകരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ നിർദ്ദേശിക്കാൻ ചീഫ് വിജിലൻസ് ഓഫീസർമാർക്ക് കേന്ദ്ര വിജിലൻസ് കമ്മിഷൻ നിർദ്ദേശം നൽകി. 

ഓസ്ട്രിയയിലെ ലക്സംബർഗിലാണ് അന്താരാഷ്ട്ര അഴിമതി വിരുദ്ധ അക്കാദമിയുടെ ആസ്ഥാനം. വിജിലൻസ് ഉദ്യോഗസ്ഥരുടെ അന്തർദേശീയവും ആഭ്യന്തരവുമായ പരിശീലനത്തിന് 240 കോടിയാണ് വിജിലൻസ് കമ്മിഷൻ നീക്കിവച്ചിരിക്കുന്നത്. 

പാർലമെന്റിൽ വച്ച 2017 ലെ കണക്കുകളിൽ രാജ്യത്താകമാനം 23609 അഴിമതി പരാതികൾ ലഭിച്ചെന്നാണ് സിവിസി അറിയിച്ചിരിക്കുന്നത്. അതിൽ തന്നെ 12089 എണ്ണവും റെയിൽവെ ഉദ്യോഗസ്ഥർക്ക് എതിരെയാണ്. 8000 പരാതികൾ രാജ്യത്തെ വിവിധ ബാങ്ക് ഓഫീസർമാർക്കെതിരെയാണ്.