ദില്ലി: ഇന്ത്യയിലേക്ക് ഇന്ധനവും ചരക്കുകളും എത്തിക്കുന്ന കപ്പലുകൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ട്, ഒമാൻ കടലിടുക്കിലേക്ക് ഇന്ത്യൻ നാവികസേന രണ്ട് യുദ്ധക്കപ്പലുകളെ അയക്കുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘ‍ർഷം പുകയുന്നതിനിടയിലാണ് ഇന്ത്യയുടെ രണ്ട് യുദ്ധക്കപ്പലുകൾ ഈ മേഖലയിലേക്ക് പോകുന്നതെന്ന പ്രത്യേകതയും ഉണ്ട്.

ഒന്നര മാസത്തിനിടെ ഒമാൻ കടലിടുക്കിൽ വച്ച് നിരവധി കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഇന്ത്യൻ നാവികസേനയുടെ നടപടി. ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് സുനയ്ന എന്നീ യുദ്ധക്കപ്പലുകളാണ് ഒമാൻ കടലിടുക്കിലേക്ക് പോകുന്നത്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ശേഷിയുള്ളതാണ് ഈ രണ്ട് യുദ്ധക്കപ്പലുകളും എന്ന പ്രത്യേകതയുമുണ്ട്.

ഒമാൻ കടലിടുക്കിൽ അമേരിക്കയുടെ ഡ്രോൺ വെടിവച്ചിട്ടെന്ന് വെളിപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ നീക്കം. യുദ്ധക്കപ്പലുകൾക്കൊപ്പം നിരീക്ഷണ വിമാനങ്ങളും ഇന്ത്യ അയക്കുന്നുണ്ട്.