കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എംഎല്‍എമാരോടും ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മോശം പ്രകടനമെന്ന പാര്‍ട്ടി വിലയിരുത്തന്നവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ല.

ദില്ലി: ഗുജറാത്തിലെയും ഉത്തരാഖണ്ഡിലെയും മുഖ്യമന്ത്രിമാരെ മാറ്റിയത് കൂടാതെ 2022ല്‍ നിയമസഭ തെര‍ഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പകുതി സിറ്റിംഗ് എംഎല്‍എമാര്‍ക്കും ബിജെപി സീറ്റ് നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഭരണവിരുദ്ധ വികാരത്തിന്‍റെ മൂര്‍ച്ച കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് പാര്‍ട്ടി ഭാരവാഹികളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. 

മുന്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 15 മുതല്‍ 20 ശതമാനം വരെ സിറ്റിംഗ് എംഎല്‍എമാരെ ബിജെപി മാറ്റിയിരുന്നു. ഇത്തവണ അതില്‍ കൂടുതല്‍ പേര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടേക്കും. ഭരണപരമായ കാര്യങ്ങളില്‍ പൊതുസമൂഹത്തിനുണ്ടായ അപ്രീതി ബാധിക്കപ്പെടാതിരിക്കുന്നതിനാണ് ഈ തന്ത്രം. 

പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടിത്തട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിന് പാര്‍ട്ടി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സര്‍വ്വേ നടത്തിയിരുന്നു. 

കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എംഎല്‍എമാരോടും ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മോശം പ്രകടനമെന്ന് പാര്‍ട്ടി വിലയിരുത്തന്നവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ല. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിനെ ബാധിക്കാതിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ബിജെപി തേടുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് ഗുജറാത്തില്‍ അപ്രതീക്ഷതമായി വിജയ് രൂപാനിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona