തമിഴ്നാട്ടിൽ 717 മദ്യശാലകൾ അടച്ചുപൂട്ടാനുള്ള ടിവികെ സർക്കാരിൻ്റെ ഉത്തരവിനെ തുടർന്ന് ഏറ്റവും കൂടുതൽ മദ്യശാലകൾ പൂട്ടുന്നത് മധുരൈ മേഖലയിൽ. മധുരൈയിലെ 281 മദ്യശാലകൾക്കാണ് പൂട്ടുവീഴുന്നത്. തൊട്ടുപിന്നിൽ കോയമ്പത്തൂർ മേഖലയാണ്. 

Add Asianetnews as a Preferred SourcegooglePreferred

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‍യുടെ നേതൃത്വത്തിലുള്ള ‍ടിവികെ സ‍ർക്കാർ അധികാരമേറ്റതിന് പിന്നാലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതിൽ ഏറെയും മധുരൈയിൽ. മധുരൈ മേഖലയിലെ 281 മദ്യശാലകളാണ് അടച്ചുപൂട്ടുക. സ്കൂളുകൾ, ആരാധാനാലയങ്ങൾ, ജനസാന്ദ്രതയേറിയ മേഖലകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ടാസ്മാക്കിന്റെ മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. അധികാരമേറ്റതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.

മധുരൈ കഴിഞ്ഞാൽ കോയമ്പത്തൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ മദ്യശാലകൾക്ക് പൂട്ടുവീഴുന്നത്. കോയമ്പത്തൂരിലെ 173 മദ്യശാലകൾ അടച്ചുപൂട്ടുമ്പോൾ തലസ്ഥാനമായ ചെന്നൈയിൽ 99 മദ്യശാലകളാണ് പൂട്ടുന്നത്. തൃച്ചി മേഖലയിൽ 84 ഉം സേലം മേഖലയിൽ 80 ഉം മദ്യശാലകൾ പൂട്ടും.

മധുരൈ മേഖലയിലെ തൂത്തുക്കുടിയിലാണ് ഏറ്റവും കൂടുതൽ (63) മദ്യശാലകൾ അടച്ചുപൂട്ടുന്നത്. കൂടാതെ, തിരുനെൽവേലിയിൽ 33 ഉം വിരുധന​ഗറിൽ 37 ഉം രാമനാഥപുരത്ത് 29 ഉം മദ്യശാലകൾക്ക് പൂട്ടുവീഴും. ചെന്നൈയിലെ 99 മദ്യശാലകളിൽ 18 എണ്ണം നോർത്ത് ചെന്നൈയിലും 15 എണ്ണം സെൻട്രൽ ചെന്നൈയിലും 14 എണ്ണം സൗത്ത് ചെന്നൈയിലുമാണ് സ്ഥിതിചെയ്യുന്നത്.

കാഞ്ചീപുരം നോർത്ത്, തിരുവള്ളൂ‍ർ ഈസ്റ്റ് എന്നിവിടങ്ങലിലെ 12 മദ്യശാലകളും കാഞ്ചീപുരം സൗത്തിലെ ഏഴ് മദ്യശാലകളും തിരുവള്ളൂർ വെസ്റ്റിലെ നാല് മദ്യശാലകളും ചെന്നൈ മേഖലയിൽ അടച്ചുപൂട്ടുന്നവയിൽ ഉൾപ്പെടുന്നു. കോയമ്പത്തൂർ മേഖലയിൽ നീല​ഗിരിയിൽ 27 ഉം കോയമ്പത്തൂർ നോർത്ത്, സൗത്ത് എന്നിവിടങ്ങളിലായി 69 ഉം ഈറോഡ്, തിരുപ്പൂർ എന്നിവിങ്ങളിലായി യഥാക്രമം 39 ഉം 30 ഉം മദ്യശാലകൾ അടച്ചുപൂട്ടും.

തമിഴ്നാട് സർക്കാരിൻ്റെ കീഴിലുള്ള തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ അഥവ ടാസ്മാക്ക് സംസ്ഥാനത്തുടനീളം 4765 മദ്യശാലകളാണ് നടത്തുന്നത്. സർക്കാർ നടത്തിയ സർവേ പ്രകാരം, 276 മദ്യശാലകൾ ആരാധനാലയങ്ങളുടെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപത്തുമാണ് സ്ഥിതിചെയ്യുന്നത്. ജനങ്ങളുടെ അടക്കം ആശങ്ക പരി​ഗണിച്ചാണ് ടിവികെ സർക്കാർ സുപ്രധാന നീക്കം നടത്തിയത്.