ദില്ലി: ബോണറ്റില്‍ ടോള്‍ ബൂത്ത് ജീവനക്കാരനുമായി പായുന്ന കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദില്ലിക്ക് സമീപം ഗുഡ്‍ഗാവിലാണ് അമിത വേഗത്തില്‍ പായുന്ന കാറിന്‍റെ ബോണറ്റില്‍ ഖെര്‍കി ദ്വല ടോള്‍ പ്ലാസയിലെ ജീവനക്കാരന്‍ കുടുങ്ങിയത്. ടോള്‍ ബൂത്തില്‍ നിന്ന് കുറച്ച് ദൂരമാണ് ഇയാളുമായി കാര്‍ പാഞ്ഞത്. വെള്ള ടീഷര്‍ട്ട് ധരിച്ച ആള്‍ കാറില്‍ കുടുങ്ങിയ ദൃശ്യങ്ങളാണ് സിസിടിവിയില്‍ വ്യക്തമാകുന്നത്. നാല് പേര്‍ കാറിന് ഒപ്പം പാഞ്ഞു ചെല്ലുന്നതും ദൃശ്യങ്ങളിലുണ്ട്. 

കാര്‍ നിര്‍ത്തിയതും ഇയാള്‍ ബോണറ്റില്‍ നിന്ന് ചാടി ഇറങ്ങി. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ഇയാള്‍ കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഡ്രൈവര്‍ അമിത വേഗത്തില്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ടോള്‍ നല്‍കാന്‍ തയ്യാറാകാത്ത ഡ്രൈവര്‍മാര്‍ ജീവനക്കാരെ മര്‍ദ്ദിക്കുന്നത് ഇവിടെ പതിവാണ്. ഇതേ ടോള്‍ പ്ലാസയില്‍ ഒരാഴ്ച മുമ്പ് ജീവനക്കാരിയെ ഒരാള്‍ തല്ലിയിരുന്നു.