ദില്ലി: ടോള്‍ നല്‍കുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേര്‍ചേര്‍ന്ന് ഹരിയാനയിലെ ടോള്‍ ബൂത്ത് പ്ലാസയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി. ടോള്‍ നല്‍കേണ്ട തുകയുടെ പേരിലുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. ടോള്‍ ബൂത്തിലുണ്ടായിരുനന് സിസിടിവി ക്യാമറയില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. 

ബഹദൂര്‍ഗഡില‍െ ദേശീയപാത 9ലെ ടോള്‍ ബൂത്തിലാണ് സംഭവമുണ്ടായത്.  വൈറ്റ് ടീ ഷര്‍ട്ട് ധരിച്ചെത്തിയയാള്‍ സുരക്ഷാ ജീവനക്കാരനോട് തര്‍ക്കിക്കുകയും ജീവനക്കാരനെ പിടിച്ചുതള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ മാരുതി സുസുക്കി എര്‍ട്ടിഗയില്‍ ഇയാള്‍ക്കൊപ്പമെത്തിയ മറ്റൊരാള്‍ പുറത്തിറങ്ങി  ജീവനക്കാരനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. 

സമീപത്തുണ്ടായിരുന്ന ഡ്രം ഉപയോഗിച്ച് ജീവനക്കാരന്‍റെ തലക്കടിക്കുകയും ചെയ്തതോടെ ഇയാള്‍ കുഴഞ്ഞുവീണു. ടോള്‍ ബൂത്തിലെ മറ്റുജീവനക്കാര്‍ ഓടിയെത്തി ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ആക്രമണം തുടരുകയായിരുന്നു. മറ്റ് വാഹനങ്ങളിലെത്തി.വരും ജീവനക്കാരും ഇവരുടെ പ്രവൃത്തിയെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും ചേര്‍ന്ന് സ്വയം ന്യായീകരിക്കുകയായിരുന്നു.