Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണം: സിബിഐ, ഐബി, ദില്ലി പൊലീസ് തലവൻമാരെ വിളിച്ച് വരുത്തി സുപ്രീംകോടതി

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണക്കേസ് ഗൂഢാലോചനയാണെന്ന അഭിഭാഷകന്‍റെ ആരോപണത്തെ തുടർന്നാണ് കോടതി നടപടി. ആരോപണമുന്നയിച്ച അഭിഭാഷകൻ തെളിവുകൾ മുദ്ര വച്ച കവറിൽ സുപ്രീംകോടതിയിൽ നൽകി. 

Top Court Summons CBI, Intel Chiefs, Delhi Police After Lawyer Claims Conspiracy Against Chief Justice
Author
Supreme Court of India, First Published Apr 24, 2019, 12:41 PM IST

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡനാരോപണം കെട്ടിച്ചമച്ചതും ഗൂഢാലോചനയുടെ ഫലമായി ഉന്നയിച്ചതുമാണെന്ന അഭിഭാഷകന്‍റെ ആരോപണത്തിൽ വീണ്ടും അപൂർവ നടപടിയുമായി സുപ്രീംകോടതി. സിബിഐ, ഇന്‍റലിജൻസ്, ദില്ലി പൊലീസ് മേധാവികളെ സുപ്രീംകോടതി വിളിച്ചു വരുത്തും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാവാനാണ് മൂന്ന് തലവൻമാർക്കും സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്. 

ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയുടെ തെളിവുകൾ ഹാജരാക്കാൻ അഭിഭാഷകനായ ഉത്സവ് ബെയ്‍ൻസിനോട് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മുദ്ര വച്ച കവറിൽ തെളിവുകൾ ഉത്സവ് ബെയ്‍‍ൻസ് സുപ്രീംകോടതി മുമ്പാകെ തെളിവുകൾ കൈമാറി. ജസ്റ്റിസുമാരായ അരുൺ മിശ്ര, രോഹിൻടൺ നരിമാൻ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് നിർദേശം.

ജെറ്റ് എയർവേയ്‍സിന്‍റെ ഉടമ നരേഷ് ഗോയലും, വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രൊമേശ് ശർമയുമാണ് ഈ ആരോപണമുന്നയിച്ചതെന്നാണ് ഉത്സവ് ബെയ്ൻസ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ വെളിപ്പെടുത്തൽ. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകൻ പറയുന്നത്. 

ഇത് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നതാകും നല്ലതെന്ന് കോടതി പരാമർശം നടത്തിയപ്പോൾ, സിബിഐ ഇപ്പോഴും ഭരണകൂടത്തിന്‍റെ കയ്യിലെ ഉപകരണമാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. കേസിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്നും അഭിഭാഷകർ പറഞ്ഞു. ''എന്‍റെ കയ്യിൽ യഥാർത്ഥ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ട്. അത് ഞാൻ കോടതിയിൽ സമർപ്പിക്കുകയാണ്. യഥാർത്ഥ ഗൂഢാലോചനക്കാർ വളരെ ശക്തരാണ്.'', കോടതിയിൽ ബെയ്ൻസ് പറഞ്ഞു. എന്താണ് മുദ്ര വച്ച കവറിൽ ഉത്സവ് ബെയ്ൻസ് സമർപ്പിച്ചതെന്നത് വ്യക്തമല്ല. 

തനിക്ക് ഭീഷണിയുണ്ടെന്ന് ഉത്സവ് ബെയ്ൻസ് ആരോപിച്ചതിനാൽ പൊലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. 

നേരത്തേ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തന്നെ പ്രത്യേക അടിയന്തര സിറ്റിംഗ് വിളിച്ച് ചേർത്ത് നിഷേധിച്ചിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഗുരുതരമായ കൈകടത്തലുകളുണ്ടാകുന്നുവെന്നും തന്നെ അറവുമാടാക്കി മാറ്റാൻ ആർക്കും കഴിയില്ലെന്നുമായിരുന്നു സിറ്റിംഗിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതാണ്. തുടർന്നാണ് പരാതിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് മൂന്നംഗ ബഞ്ചിലേക്ക് മാറ്റിയത്.

ചീഫ് ജസ്റ്റിസിന് എതിരായ പീഡനാരോപണം അന്വേഷിക്കാൻ ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ 3 അംഗ സമിതിയെയും ഈ ബഞ്ച് നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ ആഭ്യന്തര പരാതിപരിഹാര സമിതി (ICC) ആണ് സുപ്രീംകോടതിയിൽ ഇത്തരം പരാതി പരിശോധിക്കാൻ നിയമപരമായി അധികാരമുള്ള സമിതിയെന്നിരിക്കെ മറ്റൊരു സമിതിയെ നിയോഗിച്ചതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നതാണ്. ഏപ്രിൽ 21-നാണ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ലൈംഗിക പീഡനാരോപണം ഉന്നയിച്ച് മുൻ കോടതി ജീവനക്കാരിയായ യുവതി 22 ജഡ്‍ജിമാർക്ക് കത്ത് നൽകിയത്. 

Read More: ചീഫ് ജസ്റ്റിസിനെ കുടുക്കാൻ ലൈംഗികാരോപണമെന്ന് പറഞ്ഞ അഭിഭാഷകന് നോട്ടീസ്

 

Follow Us:
Download App:
  • android
  • ios