Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനെ കുടുക്കാൻ ലൈംഗികാരോപണമെന്ന് പറഞ്ഞ അഭിഭാഷകന് നോട്ടീസ്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ വനിതാ ജീവനക്കാരി ഉന്നയിച്ച ലൈംഗികപീഡനപരാതി സുപ്രീംകോടതി നാളെ പരിഗണിക്കും. ആരോപണമുന്നയിക്കാൻ ഒന്നരക്കോടി വാഗ്ദാനം കിട്ടിയെന്ന് പറഞ്ഞ അഭിഭാഷകനാണ് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുന്നത്. 

SC Issues Notice To Lawyer Who Claimed That He Was Offered Rs 1.5 Crores To Frame Allegations Against CJI
Author
New Delhi, First Published Apr 23, 2019, 12:07 PM IST

ദില്ലി: ചീഫ് ജസ്റ്റിസിനെ കുടുക്കാനാണ് ലൈംഗികാരോപണം ഉയർത്തിയതെന്ന് ആരോപിച്ച അഭിഭാഷകനെ സുപ്രീംകോടതി നാളെ വിളിച്ചു വരുത്തും. ദില്ലി സ്വദേശിയായ അഭിഭാഷകൻ ഉത്സവ് ബെയ്ൻസിനാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം സ്വമേധയാ കേസെടുത്ത് പരിഗണിക്കുന്നത്.

ജെറ്റ് എയർവേയ്‍സിന്ഡറെ ഉടമ നരേഷ് ഗോയലും, വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രൊമേശ് ശർമയുമാണ് ഈ ആരോപണമുന്നയിച്ചതെന്നാണ് ഉത്സവ് ബെയ്ൻസ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ വെളിപ്പെടുത്തൽ. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നുമാണ് അഭിഭാഷകൻ പറയുന്നത്. 

ഇത്തരമൊരു ആരോപണത്തിന്‍റെ തെളിവുകളടക്കം ഹാജരാക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഉത്സവ് ബെയ്‍ൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിധി പറയാൻ പണം നൽകുന്ന ഏർപ്പാട് സുപ്രീംകോടതിയിൽ നിർത്തലാക്കാനായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ശ്രമമെന്നും അദ്ദേഹത്തെ തോൽപ്പിക്കാനും സ്ഥാനഭ്രഷ്ഠനാക്കാനും ശ്രമിക്കുന്നതിന്‍റെ ഭാഗമായിരുന്നു ഇപ്പോഴത്തെ ആരോപണമെന്നുമാണ് ബെയ്ൻസ് പറയുന്നത്.

യുവതിയുടെ ആരോപണത്തിലെ വസ്തുതാപ്പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഈ കേസിലെ ഇടനിലക്കാരനായ 'അജയ്' എന്നയാൾ തന്നെ സമീപിച്ചെന്നും ആരോപണങ്ങൾ പിൻവലിച്ചാൽ 50 ലക്ഷം രൂപ തരാമെന്ന് പറഞ്ഞെന്നും അഭിഭാഷകൻ പറയുന്നു. നിരസിച്ചപ്പോൾ വാഗ്ദാനം ഒന്നരക്കോടിയായി ഉയർന്നു. 'അജയ്' പരാതിക്കാരിയുടെ ബന്ധുവാണെന്നും ബെയ്ൻസ് വ്യക്തമാക്കുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് ബെയ്‍ൻസിന്‍റെ ആവശ്യം. 

പരാതി പരിഗണിച്ചത് അപൂർവ സിറ്റിംഗിലൂടെ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാൻ ഏപ്രിൽ 20-ന് അപൂർവ സിറ്റിംഗുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്‍റെ സ്റ്റാഫംഗങ്ങളിൽ ഒരാളായിരുന്ന മുപ്പത്തിയഞ്ചുകാരി നൽകിയ പരാതി പരിഗണിക്കാനാണ് അത്യപൂർവ നടപടിയുമായി കോടതി സിറ്റിംഗ് ചേർന്നത്. പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തീർത്തും അപ്രതീക്ഷിതമായി, രാവിലെ പത്തരയോടെയാണ് സുപ്രീംകോടതിയിൽ അടിയന്തര വിഷയം ചർച്ച ചെയ്യാൻ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയിൽ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗിൽ നാടകീയമായ പരാമർശങ്ങളും സംഭവങ്ങളുമാണുണ്ടായത്. 

അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയും കോടതിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ബാർ അസോസിയേഷൻ പ്രസിഡന്‍റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോൾത്തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു. 

തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. 

വളരെ പ്രധാനപ്പെട്ട കേസുകൾ അടുത്ത ആഴ്ചകളിൽ താൻ കേൾക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios