മടിക്കേരി: വഴിയരികില്‍ മാലിന്യം നിക്ഷേപിച്ച് പോയ സഞ്ചാരികളെ തിരികെയെത്തിച്ച് മാലിന്യം നീക്കിച്ചു. കര്‍ണാടകയിലെ കൊടഗ് ജില്ലയിലാണ് സംഭവം. മടിക്കേരിയിലെ പിസ ഷോപ്പില്‍ നിന്ന് ഭക്ഷണം വാങ്ങിയ സഞ്ചാരികള്‍ പിസ കഴിച്ച ശേഷം കവറുകളും ബോക്സുകളുമാണ് റോഡില്‍ ഉപേക്ഷിച്ച് പോയത്. 

ഉപേക്ഷിച്ച് പോയ ബോക്സിനുള്ളില്‍ നിന്ന് കിട്ടിയ ബില്ലാണ് സഞ്ചാരികളെ കണ്ടെത്താന്‍ സഹായിച്ചത്. കൊടഗില്‍ നിന്ന് മൈസൂരിലേക്ക് പോയ സഞ്ചാരികളെയാണ് പൊലീസ് സഹായത്തോടെ മാലിന്യം നിക്ഷേപിച്ച ഇടത്ത് തിരികെയെത്തിച്ചത്. ബില്ലിലെ ഫോണ്‍ നമ്പറില്‍ നിന്നും പിസ ഷോപ്പിലെ നമ്പര്‍ എടുത്താണ് കൊടഗ് ആക്ടിവിസ്റ്റായ മാടേത്തിര തിമ്മയ്യ സഞ്ചാരികളെ വിളിച്ചത്. ഉപേക്ഷിച്ച മാലിന്യം തിരികെയെത്തി മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മടിക്കേരിയില്‍ നിന്നും ഏകദേശം അന്‍പത് കിലോമീറ്റര്‍ അകലെയുള്ള പെരിയപട്ടണം എന്ന സ്ഥലത്ത് എത്തിയതായാണ് സഞ്ചാരികള്‍ മറുപടി നല്‍കിയത്.

അലക്ഷ്യമായിട്ട മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തിമ്മയ്യ പൊലീസ് സഹായം തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാരികള്‍ തിരികെയെത്തിയത്. മാലിന്യം വലിച്ചെറിഞ്ഞത് സമീപത്തെ വേസ്റ്റ് ബാസ്ക്കറ്റലിട്ട് സ്ഥലം വൃത്തിയാക്കിയ സഞ്ചാരികള്‍ക്ക് നന്ദി പറഞ്ഞാണ് തിമ്മയ്യ യാത്രയാക്കിയത്. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.