തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കൊടി സുനിക്കെതിരെ കേസെടുത്തത്. കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.
മലപ്പുറം: ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്. കയ്യിൽ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയിൽ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാൻ തയ്യാറാവാത്തതിനാൽ കർശന നിർദേശം നൽകി. ഇതോടെ ചരട് ഊരി ജയിൽ പ്രിസൺ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും കയ്യിൽ ചരട് കെട്ടി. ഇതൊഴിവാക്കാൻ നിർദേശിച്ചപ്പോൾ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കയ്യിൽ ചരടു കെട്ടുന്നത് വിലക്കിയതിൻ്റെ പേരിൽ വ്യാജ പരാതി നൽകുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
അതിനിടെ കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാൻ ജയിൽ ആസ്ഥാനത്തെ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരു മാസം വിനോദ് കുമാറിൻറെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷവും ആണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.


