ദില്ലി: കര്‍ഷക നിയമത്തിനെതിരെ ദില്ലിയില്‍ പ്രതിഷേധം കനക്കുന്നു. ദില്ലിയിലെ ഇന്ത്യാഗേറ്റിന് സമീപം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രാക്റ്റര്‍ അഗ്നിക്കിരയാക്കി. അഗ്നിശമനസേനയെത്തി തീയണക്കുകയും പൊലീസ് ട്രാക്റ്റര്‍ സംഭവസ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രതിഷേധം ആളിപ്പടരുകയാണ്. 15 മുതല്‍ 20 വരെ ആളുകള്‍ ചേര്‍ന്നാണ് ഇന്ത്യാഗേറ്റിന് മുമ്പില്‍ വച്ച് രാവിലെ 7.15 നും 7.30 നും ഇടയില്‍ ട്രാക്റ്ററിന് തീയിട്ടത്. 

സംഭവം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവായി പോസ്റ്റ് ചെയ്തു. സെപ്തംബര്‍ 20 ന് ഹരിയാനയിലെ അംബാലയില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ട്രാക്ടര്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നു. പഞ്ചാബിലടക്കം കിസാന്‍ മസ്ദൂര്‍ സമരസമിതി ട്രെയിന്‍ തടഞ്ഞ് പ്രതിേഷേധം തുടരുകയാണ്.

''  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ട്രക്കില്‍ ട്രാക്ടര്‍ ഇന്ത്യേഗേറ്റിന് സമീപത്തെത്തിച്ചു. ഇത് കോണ്‍ഗ്രസിന്റെ നാടകമാണ്. ഇതുകൊണ്ടാണ് ജനങ്ങള്‍ അധികാരത്തില്‍ നിന്ന് നീക്കാന്‍ വോട്ട് ചെയ്തത്. '' - കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ട്വീറ്റ് ചെയ്തു. 

അതേസമയം രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാഷ്ട്രപതി കഴിഞ്ഞദിവസം ഒപ്പുവച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായെങ്കിലും ഒടുവില്‍ മൂന്ന് ബില്ലുകളും നിയമമായിരിക്കുകയാണ്. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടറിയിച്ചെങ്കിലും ഫലമുണ്ടായില്ല. 

ബില്ലുകള്‍ പാസാക്കുമ്പോള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട അംഗങ്ങള്‍ സീറ്റിലില്ലായിരുന്നുവെന്ന രാജ്യസഭ ഉപാധ്യക്ഷന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറാനിരിക്കേ കൂടിയാണ് നടപടി. പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മന്‍ കി ബാത്തിലൂടെ ആവര്‍ത്തിച്ചിരുന്നു.

നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇനി കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിനിടെയാണ് ബില്ലിനെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. തടസങ്ങളില്ലാതെ കര്‍ഷകര്‍ക്ക് എവിടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാമെന്നും ഇടനിലക്കാരില്ലാതെ കൂടുതല്‍ ലാഭം നേടാമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ അവകാശപ്പെട്ടു.

ഇതിനുപുറമെ കര്‍ണാടകത്തിലും കര്‍ഷക പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ചു കര്‍ണാടകത്തില്‍ ഇന്ന് ബന്ദ്. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. യെദ്യൂരപ്പ സര്‍ക്കാര്‍ ഈയിടെ പാസാക്കിയ ഭൂപരിഷ്‌കരണ നിയമ ഭേദഗതി - സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് എന്നീ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം.

ബംഗളുരുവില്‍ കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ - ദളിത് സംഘടകളുടെ പിന്തുണയും സമരക്കാര്‍ക്കുണ്ട്. എന്നാല്‍ ബന്ദ് നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.