മുത്തശ്ശി അടുത്തുണ്ടായിരുന്നെങ്കിലും കേൾവിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചിൽ കേട്ടില്ലെന്നാണ് വീട്ടുകാര്‍ വിശദമാക്കുന്നത്
ഹൈദരബാദ്: ആന്ധ്രപ്രദേശിൽ തേനീച്ചയുടെ കുത്തേറ്റ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. തൊട്ടിലിൽ ഉറങ്ങുമ്പോളാണ് മൂന്ന് വയസുകാരന് തേനീച്ചകൾ ആക്രമിച്ചത്. മുത്തശ്ശി അടുത്തുണ്ടായിരുന്നെങ്കിലും കേൾവിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചിൽ കേട്ടില്ലെന്നാണ് പൊലീസിനോട് ബന്ധുക്കള്‍ വിശദമാക്കിയത്.
അല്ലൂരി സീതാരാമരാജു ജില്ലയിലെ മാംപ മേഖലയിലെ പിറ്റാലപാഡിലെ വീട്ടിന് സമീപത്തെ മരത്തില്‍ കെട്ടിയിരുന്ന തൊട്ടിലിലായിരുന്നു കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിനെ തേനീച്ച കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്ന സമയത്ത് കുഞ്ഞിന്റെ രക്ഷിതാക്കള്‍ സമീപത്തെ തോട്ടത്തില്‍ കാര്‍ഷിക വൃത്തിയിലായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.
തേനീച്ചകളുടെ കുത്തേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അന്തിമ ചടങ്ങുകള്‍ കഴിഞ്ഞതായാണ് പൊലീസ് വിശദമാക്കുന്നത്. ഓഗസ്റ്റ് രണ്ടാ വാരത്തില്‍ റായ്പൂരിലെ അംഗനവാടിയില്‍ വച്ചുണ്ടായ തേനീച്ച ആക്രമണത്തില്‍ അഞ്ച് വയസുകാരന്‍ മരിച്ചിരുന്നു. ഗൌരേല പെന്‍ട്ര മാർവാഹിയിലെ അംഗനവാടിയിലുണ്ടായ സംഭവത്തില്‍ മറ്റൊരു കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
ഫെബ്രുവരി മാസത്തില്‍ മലപ്പുറം ജില്ലയിലെ കാളികാവില്‍ വീണ്ടും കാട്ടു തേനീച്ചകളുടെ ആക്രമണം. മദ്രസ വിദ്യാര്‍ത്ഥികളടക്കം അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. രാവിലെ മദ്രസ്സ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ പുറ്റമണ്ണ നിസ്‌കാര പള്ളിയുടെ അടുത്ത് നിന്നാണ് തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
തേനീച്ച, കടന്നല്‍, ചിലയിനം ഉറുമ്പുകള്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതില്‍ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കടന്നലാണ്. പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളില്‍ കാണാം. രണ്ടില്‍ കൂടുതല്‍ കുത്തുകളേല്‍ക്കുന്നതാണ് പ്രധാനമായും അപകടമാവുക.
അത്രയും വിഷം ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്. ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളില്‍ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലര്‍ജിയുണ്ടാകാം. ഈ അലര്‍ജിയെ തുടര്‍ന്നോ, അല്ലെങ്കില്‍ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നോ, വിഷബാധയെ തുടര്‍ന്ന് ബിപി (രക്തസമ്മര്‍ദ്ദം) താഴ്‌ന്നോ, രക്തക്കുഴലുകള്‍ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ എല്ലാം മരണം സംഭവിക്കാം.
