Asianet News MalayalamAsianet News Malayalam

രാജ്യത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസ്; കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ തിരിക്കും, ലോക്ക് ഡൗൺ നീട്ടാൻ സാധ്യത

ദില്ലിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന ട്രെയിൻ സര്‍വീസുകളാണ് ഇന്ന് മുതൽ തുടങ്ങുന്നത്.

Train services resume today after nearly two months
Author
Delhi, First Published May 12, 2020, 8:32 AM IST

ദില്ലി: രാജ്യത്ത് ഇന്ന് മുതൽ പാസഞ്ചർ ട്രെയിൻ സർവീസ് ഭാ​ഗികമായി പുനഃസ്ഥാപിക്കും. ലോക്ക് ഡൗൺ ആരംഭിച്ച ശേഷം ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുറപ്പെടും. ബുധൻ, ഞായർ ദിവസങ്ങളിലാണ് കേരളത്തിലേക്കും കേരളത്തിൽ നിന്ന് ട്രെയിൻ സർവീസുകൾ ഉണ്ടാവുക. ഈ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളിൽ വിറ്റുതീർന്നു. വെള്ളിയാഴ്ചത്തെ തിരുവനന്തപുരം-ദില്ലി ട്രെയിനിന്റെ ടിക്കറ്റുകളും തീര്‍ന്നു. 

ദില്ലിയും മുംബൈയും തിരുവനന്തപുരവും ചെന്നൈയും ബെംഗളുരുവും ഉള്‍പ്പടെ 15 നഗരങ്ങളുമായി ബന്ധപ്പെടുത്തുന്ന ട്രെയിൻ സര്‍വീസുകളാണ് ഇന്ന് മുതൽ തുടങ്ങുന്നത്. ട്രെയിൻ യാത്രയിലുടനീളം യാത്രക്കാർ മാസ്ക് ധരിക്കണം, ട്രെയിനിന് അകത്ത് ആളുകൾ ശാരീരിക അകലം പാലിക്കണം തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍. തിരുവനന്തപുരത്തിന് പുറമെ കേരളത്തില്‍ കോഴിക്കോടും എറണാകുളത്തും സ്റ്റോപ്പുകള്‍ ഉണ്ടാകും. 

രാജ്യത്ത് ഇതിനോടകം 450 ശ്രമിക് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തിയതായി റെയിൽവേ അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളെ മാതൃ സംസ്ഥാനങ്ങളിൽ തിരിച്ചെത്തിച്ചു. ദിവസം നൂറിലധികം ട്രെയിൻ സർവീസുകൾ നടത്തുകയാണ് ലക്ഷ്യമെന്ന് റെയിൽവേ എക്സിക്യൂട്ടീവ് ഡയറക്ടർ ആർഡി ബാജ്പേയ് പറഞ്ഞു.

അതേസമയം, ദേശീയ ലോക്ക് ഡൗൺ കൂടുതൽ ഇളവുകളോടെ നീട്ടിയേക്കും എന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാനുള്ള കൂടിയാലോചന ഇന്ന് മുതൽ തുടങ്ങും. ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നത് സംബന്ധിച്ച ബ്ലൂപ്രിന്റ് തയ്യാറാക്കി വെള്ളിയാഴ്ചയ്ക്കുള്ളിൽ നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നിർദ്ദേശിച്ചിരുന്നു.

പ്രധാനമന്ത്രിയുമായി നടന്ന ചർച്ചയിൽ എട്ട് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ തുടരണം എന്ന നിലപാടിലായിരുന്നു. വിമാനസർവ്വീസുകൾ തുടങ്ങരുതെന്ന് കർണ്ണാടകയും തമിഴ്നാടും ആവശ്യപ്പെട്ടു. അതേസമയം, ട്രെയിൻ സർവ്വീസ് എല്ലാ റൂട്ടിലും ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചുരുക്കം സർവ്വീസുകളേ ഉണ്ടാവുകയുള്ളെന്നും മോദി മുഖ്യമന്ത്രിമാരെ അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios