പരിശീലനം നേടിയ പൈലറ്റ് എന്ന നിലയിൽ രാജ്യത്തെ സേവിക്കുന്നതിനായി ജീവൻ നൽകാനും തയ്യാറാണെന്ന് ലാലു പ്രസാദ് യാദവിന‍റെ മകൻ

പറ്റ്ന: ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തിനായി പൊരുതാൻ തയ്യാറാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജ് പ്രതാപ് യാദവ്. പരിശീലനം നേടിയ പൈലറ്റ് എന്ന നിലയിൽ രാജ്യത്തെ സേവിക്കുന്നതിനായി ജീവൻ നൽകാനും തയ്യാറാണെന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു.

"പൈലറ്റ് പരിശീലനം രാജ്യത്തിന് ഉപയോഗപ്രദമാകുമെങ്കിൽ, തേജ് പ്രതാപ് യാദവ് എന്ന ഞാൻ എപ്പോഴും രാജ്യത്തെ സേവിക്കാൻ തയ്യാറാണ്. ഞാൻ പൈലറ്റ് പരിശീലനം നേടിയിട്ടുണ്ട്. രാജ്യത്തിനായി ജീവൻ നഷ്ടപ്പെട്ടാൽ അതെന്‍റെ ഭാഗ്യമായി കണക്കാക്കും. ജയ് ഹിന്ദ്" എന്നാണ് തേജ് പ്രതാപ് യാദവ് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്.

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചു. ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങിയ നഗരങ്ങളിലൊക്കെ വ്യോമാക്രമണം നടത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റി. പാക് സൈനിക മേധാവിയേയും വസതിയിൽ നിന്ന് മാറ്റിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്റർ അടുത്ത് സ്ഫോടനം നടന്നു. പാക് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോണുകളുടെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 

ജമ്മു കശ്മീര്‍ അതിര്‍ത്തി മേഖലയിൽ പാകിസ്ഥാൻ ആക്രമണം തുടരുന്നതിനിടെ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രിയ്ക്കുശേഷം ആരംഭിച്ച കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്.

ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകുന്നത്. പാകിസ്ഥാന്‍റെ ഡ്രോണുകളും മിസൈലുകളുമടക്കം ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ഇന്നലെ രാത്രി ബാരാമുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകള്‍ക്കുനേരെയടക്കം കനത്ത ഷെല്ലാക്രമണം ഉണ്ടായി. ഇതിന് മറുപടിയായി ഇന്ത്യൻ സൈന്യയും ശക്തമായ തിരിച്ചടി നൽകി. ജമ്മുവിൽ സമ്പൂർണ ബ്ലാക്ക് ഔട്ടും പ്രഖ്യാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം