Asianet News MalayalamAsianet News Malayalam

പരിശീലകനില്ലാതെ ട്രെയിനി പൈലറ്റ് വിമാനം പറത്തിയ സംഭവത്തിൽ എയർ ഇന്ത്യയ്ക്കും ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി

ട്രെയിനിങ് ക്യാപ്റ്റനൊപ്പമാണ് ഈ വിമാനം പൈലറ്റ് ട്രെയിനി പറത്തേണ്ടിയിരുന്നത്. റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകുകയും വേണമെന്നാണ് നിയമം. എന്നാൽ യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി.

Trainee pilot operated flight without accompanying by training captain in Air India company gets fined by DGCA
Author
First Published Aug 23, 2024, 2:23 PM IST | Last Updated Aug 23, 2024, 2:23 PM IST

ന്യൂഡൽഹി: പൈലറ്റുമാരെ ജോലിക്ക് നിയോഗിക്കുന്നതിൽ വരുത്തിയ പിഴവിന് എയ‍ർ ഇന്ത്യയ്ക്കും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തി സിവിൽ വ്യോമയാന ഡയറക്ടറേറ്റ്. പരിശീലനകനില്ലാതെ ട്രെയിനി പൈലറ്റ് യാത്രാ വിമാനം പറത്തിയ സംഭവത്തിലാണ് 99 ലക്ഷം രൂപയുടെ പിഴ. ഇക്കഴിഞ്ഞ ജൂലൈ ഒൻപതിന് മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള വിമാനമാണ് ഇത്തരത്തിൽ പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് പറത്തിയത്.

ട്രെയിനിങ് ക്യാപ്റ്റനൊപ്പമാണ് ഈ വിമാനം പൈലറ്റ് ട്രെയിനി പറത്തേണ്ടിയിരുന്നത്. റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകുകയും വേണമെന്നാണ് നിയമം. എന്നാൽ യാത്രയ്ക്ക് മുന്നോടിയായി പരിശീലകന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്ന് പരിശീലകനല്ലാത്ത ഒരു ക്യാപ്റ്റനെയാണ് വിമാനം പറത്താൻ കമ്പനി നിയോഗിച്ചത്. യാത്രയ്ക്കിടെയാണ് ഇക്കാര്യം പൈലറ്റും ട്രെയിനിയും അറിഞ്ഞത്. 

തങ്ങളുടെ പിഴവ് കൊണ്ടല്ല ഇത് സംഭവിച്ചതെങ്കിലും യാത്ര അവസാനിച്ച ശേഷം പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകാൻ ഈ പൈലറ്റിന് അധികാരമുണ്ടായിരുന്നില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇരുവരും പരസ്പരം അറിഞ്ഞിരുന്നുമില്ല. ജീവനക്കാർക്ക് ജോലി നിശ്ചയിച്ച് നൽകുന്ന എയർ ഇന്ത്യയുടെ ക്രൂ മാനേജ്മെന്റ് സംവിധാനത്തിൽ വന്ന പിശകാണ് ഇതെന്നാണ് അനുമാനം. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവം എയർ ഇന്ത്യ തന്നെയാണ് സ്വമേധയ സിവിൽ വ്യോമയാന ഡയറക്ടറേറ്റിനെ അറിയിച്ചത്. 

പിന്നാലെ പിഴവ് വരുത്തിയതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ഡിജിസിഎ എയ‍ർ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് കമ്പനിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും പിഴ ചുമത്തിയത്. യോഗ്യതയില്ലാത്ത ജീവനക്കാരെ നിയോഗിച്ചതിന് കമ്പനിക്ക് 90 ലക്ഷം രൂപയും ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർക്ക് ആറ് ലക്ഷം രൂപയും ട്രെയിനിങ് വിഭാഗം ഡയറക്ടർക്ക് മൂന്ന് ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന് രണ്ട് പൈലറ്റുമാർക്കും നിർദേശം നൽകിയിട്ടുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios