2023 ൽ ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ എത്തി വിസ എടുത്തപ്പോഴാണ് താൻ റഹീമിനെ കണ്ടുമുട്ടിയതെന്നും അദ്ദേഹവുമായി സംസാരിക്കാൻ തുടങ്ങിയതെന്നും മൽഹോത്ര പൊലീസിനോട് പറഞ്ഞു. അതിനുശേഷം രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയതായും റഹീമിന്റെ പരിചയക്കാരനായ അലി അഹ്വാനെ കണ്ടുമുട്ടിയതായും ജ്യോതി പറഞ്ഞു
ദില്ലി: ഇന്ത്യയുടെ സൈനിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ട്രാവൽ വ്ലോഗറായ യുവതി അറസ്റ്റിൽ. ജ്യോതി മൽഹോത്ര എന്നറിയപ്പെടുന്ന ജ്യോതി റാണിയാണ് ഹരിയാനയിലെ ഹിസാറിൽ നിന്ന് അറസ്റ്റിലായത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള 25 വയസ്സുള്ള ഒരു വിദ്യാർത്ഥിയും 24 വയസ്സുള്ള സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ ആറ് പേർ ഇതേ കേസിൽ അറസ്റ്റിലായിരുന്നു. .
'നാടോടി ലിയോ ഗേൾ വാണ്ടറർ', 'ഹരിയാൻവി+പഞ്ചാബി', 'പുരാനെ ഖ്യാലോ കി മോഡേൺ ലഡ്കി'എന്നിങ്ങനെ യൂട്യൂബിൽ സ്വയം വിശേഷിപ്പിക്കുന്ന 33 കാരിയായ ജ്യോതി, പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഇഹ്സാൻ-ഉർ-റഹീം (ഡാനിഷ്) എന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നുവെന്നും 2023 മുതൽ രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷങ്ങൾക്കും 'ഓപ്പറേഷൻ സിന്ദൂർ' എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ നടപടിക്കും ശേഷം, ചാരവൃത്തി നടത്തിയതിനും ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയതിനും റഹീമിനെ ഇന്ത്യ നാടുകടത്തിയിരുന്നു.
ചോദ്യം ചെയ്യലിൽ, 2023 ൽ ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ എത്തി വിസ എടുത്തപ്പോഴാണ് താൻ റഹീമിനെ കണ്ടുമുട്ടിയതെന്നും അദ്ദേഹവുമായി സംസാരിക്കാൻ തുടങ്ങിയതെന്നും മൽഹോത്ര പൊലീസിനോട് പറഞ്ഞു. അതിനുശേഷം രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയതായും റഹീമിന്റെ പരിചയക്കാരനായ അലി അഹ്വാനെ കണ്ടുമുട്ടിയതായും ജ്യോതി പറഞ്ഞു. അയാൾ തനിക്ക് പാകിസ്ഥാനിൽ താമസവും യാത്രയും ഒരുക്കിത്തന്നുവെന്നും ഇവർ വ്യക്തമാക്കി.
"പാകിസ്ഥാനിൽ വെച്ച് അലി അഹ്വാൻ പാകിസ്ഥാൻ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തി. ഞാൻ ഷാക്കിറിനെയും റാണ ഷഹ്ബാസിനെയും കണ്ടു. സംശയം ഒഴിവാക്കാൻ ഞാൻ ഷാക്കിറിന്റെ മൊബൈൽ നമ്പർ എടുത്ത് 'ജത് രൺധാവ' എന്ന പേരിൽ എന്റെ ഫോണിൽ സേവ് ചെയ്തു. പിന്നീട് ഞാൻ ഇന്ത്യയിൽ തിരിച്ചെത്തി, വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി മുകളിൽ പറഞ്ഞ എല്ലാവരുമായും നിരന്തരം ബന്ധം പുലർത്തി. ദേശവിരുദ്ധ വിവരങ്ങൾ കൈമാറാൻ തുടങ്ങി. റഹീമിനെയും ഞാൻ പലതവണ കണ്ടുമുട്ടിയെന്ന് മൽഹോത്ര പൊലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹിസാർ നിവാസിയായ മൽഹോത്രയ്‌ക്കെതിരെ, സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിനും, ചാരവൃത്തി നടത്തി പാകിസ്ഥാൻ പൗരനുമായി ഇന്ത്യൻ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിയതിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൽഹോത്രയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.


