ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക. 

വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. 

അതേ സമയം കൊവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ  സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ  ഉപയോഗത്തിന് ശുപാർശ ചെയ്തു.

വാക്സിൻ്റെ നിയന്ത്രിത ഉപയോഗത്തിനാണ് ശുപാർശ.വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ്റെ നിർമ്മാതാക്കളായ  ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ  ഇടക്കാല റിപ്പോർട്ട് വിദഗ്ധ  സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന്  ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശുപാർശയിൽ തീരുമാനം എടുക്കും.

ഡ്രൈ റണിൻ്റെ നടപടി ക്രമങ്ങൾ 

*വാക്സിൻ വിതരണത്തിന് രാജ്യം സജ്ജമാണോയെന്ന് വിലയിരുത്താൻ ആണ് ഡ്രൈ റൺ നടത്തുന്നത്

*കുത്തിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ആവിഷ്കരിക്കും

*വാക്സിൻ റീജിയണൽ കേന്ദ്രത്തിൽ നിന്ന് വാക്സിൻ എടുക്കും

*ഫ്രീസർ യൂണിറ്റിലും ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളിലും സൂക്ഷിച്ചിരിക്കുന്ന വാക്സിനുകൾ ഐസ് പാക്കുകൾ നിറച്ച വാക്സിൻ ക്യാരിയേഴ്സുകളിലേക്ക് മാറ്റും

*വലുതും ചെറുതുമായ കോൾഡ് സ്റ്റോറേജ് ബോക്സുകളിൽ ഇവ വാഹനങ്ങളിൽ കയറ്റും

*2 ഡിഗ്രി മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ ആണ് വാക്സിൻ സൂക്ഷിക്കുക

*ആശുപത്രികളിൽ എത്തിക്കുന്ന വാക്സിൻ അവിടെ സജ്ജമാക്കിയിട്ടുള്ള കോൾഡ് ബോക്സുകളിലേക്ക് മാറ്റും

*ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത് ആരോഗ്യപ്രവർത്തകർക്ക്; ഡ്രൈ റണ്ണിൽ 25 ആരോഗ്യ പ്രവർത്തകർ പങ്കെടുക്കും

*ഇവരെ ആദ്യം കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുത്തും

*പേരും മറ്റ് വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തും

*മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കും

*ഡോക്ടറുടെ സാന്നിധ്യത്തിൽ വാക്സിൻ നൽകുന്നത് കാണിക്കും

*കുത്തിവയ്പ്പിന് ശേഷം പ്രത്യേകം തയ്യാറാക്കിയ മുറിയിൽ ഇവരെ അര മണിക്കൂർ നിരീക്ഷിക്കും

*തളർച്ചയോ, ചൊറിച്ചിലോ, അലർജിയോ ഇല്ലെങ്കിൽ തിരികെ വീട്ടിലേക്ക് അയക്കും