തിരുവനന്തപുരം: നാല് ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ് രണ്ടുവയസ്സുകാരൻ സുജിത്ത് മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സുജിത്തിനെ രക്ഷിക്കുന്നതിനായി രാജ്യം മുഴുവനും പ്രാർത്ഥനയോടെ കഴിയുകയായിരുന്നു. ആവശ്യം കഴിഞ്ഞ് കിണർ മൂടാതെ പോകുന്നതാണ് മിക്ക അപകടങ്ങൾക്കും പിന്നിൽ. ഇതിനെതിരെ സോഷ്യൽമീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അരച്ചാക്ക് സിമന്റും അരമണിക്കൂറിന്റെ ജോലിയുടെയും ലാഭത്തിന് വേണ്ടി ഇനിയും കുരുന്നുകളെ കുരുതി കൊടുക്കരുതെന്നാണ് സോഷ്യൽമീഡിയയിലടക്കം ഉയരുന്ന പ്രധാന വിമർശനം. അതാത് പ്രദേശത്തെ പൊതുജനങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവർത്തനവും ഉണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളാണ് കുഴൽക്കിണർ അപകടങ്ങളെന്നും ആളുകൾ പറയുന്നു. വെള്ളമില്ലെന്ന് കാണുമ്പോൾ കുഴൽക്കിണറുകൾ മൂടാതെ ഉടമസ്ഥർ പോകും. ഈ സമയത്തായിരിക്കും കുട്ടികൾ കളിക്കുന്നതിനായി കിണറിന്റെ സമീപത്തെത്തുക. ഇതിനിടയിൽ അപകടവും സംഭവിക്കും.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിലായി ഇത്തരത്തിൽ കുട്ടികൾ കുഴൽക്കിണറുകളിൽ‌ വീണ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാന്തരമായി കുഴികൾ കുഴിച്ചാണ് കുട്ടികളെ രക്ഷിച്ചിരുന്നത്. എന്നാൽ, പലപ്പോഴും ഈ രക്ഷാപ്രവർത്തനങ്ങൾ ഫലം കാണാറില്ല. അതിനാൽ കുഴൽക്കിണറുകൾ ഉപയോ​ഗിച്ച ശേഷം മൂടിവയ്ക്കണമെന്ന വലിയ സന്ദേശമാണ് സോഷ്യൽമീഡിയയിലടക്കം ഉയരുന്നത്.

Read More:കുഴല്‍ക്കിണറില്‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു; ശരീരഭാഗങ്ങള്‍ അഴുകിയ നിലയില്‍

ശനിയാഴ്ച കളിച്ചുക്കൊണ്ടിരിക്കെയാണ് സുജിത്ത് കുഴൽക്കിണറിൽ വീണത്. സുജിത്തിനെ രക്ഷിക്കുന്നതും കാത്ത് രാജ്യം പ്രാർത്ഥനയും പ്രതീക്ഷയുമായി കഴിയുകയായിരുന്നു. ഒടുവിൽ ആ രണ്ടുവയസ്സുകാരൻ മരിച്ചെന്ന വാർത്തയായിരുന്നു രാജ്യത്തെ കാത്തിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് സുജിത്തിന്റെ മരണം ‍സ്ഥിരീകരിച്ചത്. സുജിത്തിന്റെ അഴുകിയ മൃതദേഹമാണ് രക്ഷാപ്രവർത്തനത്തിനൊടുവിൽ ഉദ്യോ​ഗസ്ഥർ പുറത്തെടുത്തത്.

Read More:പ്രാര്‍ത്ഥനകള്‍ വിഫലം; തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു, മൃതദേഹം പുറത്തെടുത്തു

കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കുട്ടി മരിച്ചുവെന്ന സ്ഥിരീകരിച്ചത്. കുഴല്‍ക്കിണറില്‍ വീണിട്ട് നാല് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവരും. കുട്ടി വീണു കിടക്കുന്ന കുഴല്‍ക്കിണറിന് സമാന്തരമായി വലിയ കിണര്‍ കുഴിച്ച്  അതില്‍ നിന്നും കുട്ടി വീണ കിണറ്റിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ, പ്രദേശത്തെ ഭൂമിയില്‍ പാറക്കെട്ടുകളുടെ സാന്നിധ്യം കണ്ടതിനാൽ മറ്റ് സാധ്യതകൾ ഉപേക്ഷിക്കുകയായിരുന്നു. കാഠിന്യമേറിയ പാറകളാണ് രക്ഷാപ്രവർത്തനം സാധ്യതകളെ ഇല്ലാതാക്കിയത്.