ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബം​ഗാൾ ഒരിക്കലും ബിജെപിയെ അം​ഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബം​ഗാളിന് വേണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ. 

ദില്ലി : ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബം​ഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ച് തൃണമൂൽ കോൺ​ഗ്രസ്. ബം​ഗാൾ ഒരിക്കലും ബിജെപിയെ അം​ഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബം​ഗാളിന് വേണ്ടെന്നും തൃണമൂൽ എംപി സാഗരിക ഘോഷ് അടക്കം മുതിർന്ന നേതാക്കൾ വ്യക്തമാക്കി. ബം​ഗാളിന്റെ ഭാഷയെയും, പ്രതീകങ്ങളെയും സംസ്കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്നും സാഗരിക ഘോഷ് തുറന്നടിച്ചു.

2026ലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിന്റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കണമെന്നാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ച നിർദ്ദേശം. ബിഹാറിലെയും ബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്. ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബിജെപിയെ ബംഗാളിൽ ശത്രുവായാണ് കാണുന്നത്. ജനങ്ങളുട അനുഗ്രഹം എന്നും മമത ബാനർജിക്ക് ഒപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ തുറന്നടിച്ചു.