സിപിഐഎം അനുഭാവികളാണ് മിദ്യയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.  അതേസമയം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.

ഹൗറ: . പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ ആണ് സംഭവം. ചന്ദ്രപൂർ മേഖലയിലെ ഛത്ര മൊല്ലപ്പാറ പ്രദേശത്ത് താമസിക്കുന്ന ലാൽതു മിദ്യ എന്ന 42 കാരനെയാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്നു മിദ്യ. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മിദ്യയുടെ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി മുതലാണ് ലാൽതു മിദ്യയെ കാണാതായത്. വീട്ടുകാരും ബന്ധുക്കളും സമീപപ്രദേശത്തൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ചയും അന്വേഷണം നടത്തുന്നതിനിടെയാണ് സമീപത്തുള്ള കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. സിപിഐഎം അനുഭാവികളാണ് മിദ്യയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു.

പ്രദേശത്തെ ഒരു ജനപ്രിയ നേതാവായിരുന്നു മിദ്യയെന്നും സിപിഐഎമ്മാണ് അദ്ദേഹത്തിന്‍റെ കൊലപാതകത്തിന് പിന്നിലെന്നുമായിരുന്നു സംഭവത്തിന് പിന്നാലെ ടിഎംസി എംഎൽഎയും സംസ്ഥാന മന്ത്രിയുമായ അരൂപ് റോയുടെ പ്രതികരണം. , ഗ്രാമവാസികൾക്കിടയിലുള്ള മിദ്യയുടെ സ്വീധീനം സിപിഎമ്മിനെ പരിഭ്രാന്തരാക്കി. തൃണമൂലിനൊപ്പമാണ് ജനം നിന്നത്, അവര്‍ക്കൊപ്പം ആയിരുന്നില്ല, അതാണ് കൊലപാതകത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.

അതേസമയം മിദ്യായുടെ കുടുംബത്തിന്‍റെയും മന്ത്രിയുടേയും ആരോപണങ്ങള്‍ സി.പി.ഐ.എം നേതാവ് സുജൻ ചക്രവർത്തി തള്ളിക്കളഞ്ഞു. കൊലപാതകത്തിന് പിന്നില്‍ തങ്ങളല്ലെന്നും മിദ്യ കൊല്ലപ്പെട്ടതാണെങ്കിൽ അത് തൃണമൂൽ കോൺഗ്രസിന്റെ വിഭാഗീയതയുടെയും പരസ്പര വൈരാഗ്യത്തിന്‍റെയും ഫലമാണെന്നും സുജന്‍ ചക്രവര്‍ത്തി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎം പ്രവര്‍ത്തകരെ കൊലക്കേസുകളിലെ പ്രതികളാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ജനം ഇത് തിരിച്ചറിയുമെന്നും സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

അതിനിടെ മിദ്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും കൊലപാകമാണോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ടിഎംസി അനുഭാവികൾ അംത-റാണിഹതി റോഡ് ഉപരോധിച്ചു. നൂറുകണക്കിന് അനുഭാവികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മിദ്യയുടെ മരണം കൊലപാതകമാണെങ്കില്‍ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് പ്രധിഷേധക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Read More :  ഓടുന്ന ഓട്ടോയിൽ കടന്നൽ ആക്രമണം; 9 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും കുത്തേറ്റു