തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അമ്പത്  കൗണ്‍സിലര്‍മാരും മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സംഭവം തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്. 

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അമ്പത് കൗണ്‍സിലര്‍മാരും മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സംഭവം തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ കളവു പറയുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

തൃണമൂല്‍ പുറത്താക്കിയ ഒരു എംഎല്‍എയും ആറ് കൗണ്‍സിലര്‍മാരും മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് തൃണമൂല്‍ പറയുന്നത്. ആ ആറ് കൗണ്‍സിലര്‍മാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് പാര്‍ട്ടിയിലേക്ക് കൊണ്ടുപോയതെന്നും തൃണമൂല്‍ പറയുന്നു.

അതേസമയം മമതാബാനര്‍ജിയുമായി ഞങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയ വലിയ വിജയമാണ് ഞങ്ങളെ തൃണമൂല്‍ വിടാന്‍ പ്രേരിപ്പിച്ചതെന്നുമായിരുന്നു തൃണമൂല്‍ വിട്ടവരുടെ പ്രതികരണം. ജനങ്ങള്‍ ബിജെപിയെ ഇഷ്ടപ്പെടുന്നു'.ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

ബിജെപി എംഎല്‍എമാരുടെയും കൗണ്‍സിലര്‍മാരുടെയും വരവ് തൃണമൂലിനെതിരായ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതാണ്. തൃണമൂല്‍ കോട്ടകളില്‍ ബിജെപി നേടിയ വിജയത്തിന് പിന്നാലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്തുന്നത്.

Scroll to load tweet…

ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടി ബിജെപി വലിയ വിജയമാണ് സ്വന്തമാക്കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടു സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 2014 ല്‍ 34 സീറ്റുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ 22 സീറ്റുകളില്‍ ഒതുങ്ങി.