ദില്ലി: പോക്സോ നിയമഭേദഗതി ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ചെറുപ്പത്തില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍. ദുരനുഭവങ്ങള്‍ കുട്ടികള്‍ സധൈര്യം തുറന്നുപറയണമെന്നും പോക്സോ നിയമഭേദഗതി ബില്ലിനെ ശക്തമായി പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ദുരനുഭവം തുറന്നുപറയാന്‍ ധൈര്യം കാണിച്ച എംപിയെ സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.

'ഏറെ വിഷമത്തോടെ ഞാന്‍ ഒരു കാര്യം പറയാം, രാജ്യം അതറിയേണ്ടതാണ്. എന്‍റെ കുംടുംബത്തിന് ഇക്കാര്യം അറിയാം. എനിക്ക് 13 വയസ്സ് പ്രായം. ടെന്നീസ് പരിശീലനത്തിന് ശേഷം തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. ചെറിയ പാന്‍റ്സും ടീഷര്‍ട്ടുമായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. അതിനിടയില്‍ ഞാന്‍ ലൈംഗിക ചൂഷണത്തിനിരയായി. അത് ചെയ്തത് ആരാണെന്ന് എനിക്കറിയില്ല. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ഇക്കാര്യം ആരോടും പറഞ്ഞിട്ടില്ല- അദ്ദേഹം പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പോക്സോ നിയമത്തിലെ പ്രധാന ഭേദഗതി.