മുത്തലാഖിൽ മുസ്ലീം സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കേന്ദ്രസർക്കാരിന് ശബരിമലയിൽ ഹിന്ദു സ്ത്രീകളുടെ ആരാധനാവകാശത്തെക്കുറിച്ച് ആശങ്കയില്ലാത്തത് എന്തെന്ന് അസദുദ്ദീൻ ഒവൈസി.

ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബില്ല് ലോക്സഭയുടെ മേശപ്പുറത്ത് വച്ചു. മുസ്ലീം സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനുള്ള ബില്ലാണിതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പറഞ്ഞപ്പോൾ, ഇത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

മുത്തലാഖ് ബില്ലിനെച്ചൊല്ലി ലോക്സഭയിൽ കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിൽ വലിയ വാക്പോരാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയ ശേഷം എൻഡിഎ സർക്കാർ ആദ്യമായി അവതരിപ്പിക്കുന്ന ബില്ലാണിത്. പതിനേഴാം ലോക്സഭ പരിഗണിക്കുന്ന ആദ്യത്തെ ബില്ല്. നേരത്തേ ലോക്സഭ പാസ്സാക്കിയ ബില്ല് പിന്നീട് രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. സർക്കാരിന്‍റെ കാലാവധി അവസാനിച്ചതോടെ ബില്ല് ലാപ്‍സായി. 

മുത്തലാഖ് പറഞ്ഞ് ഭാര്യയെ മൊഴി ചൊല്ലുന്നത് ക്രിമിനൽ കുറ്റമാക്കുന്നത് മുസ്ലീം സ്ത്രീയുടെ അവകാശം സംരക്ഷിക്കാനാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ബില്ല് മേശപ്പുറത്ത് വച്ചു കൊണ്ട് പറഞ്ഞു. എന്നാൽ ഇതിനെ കോൺഗ്രസ് എംപി ശശി തരൂർ എതിർത്തു. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് എതിർപ്പുന്നയിച്ചത്. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ ഉപേക്ഷിക്കുന്ന പുരുഷന് ഒരു വർഷത്തെ തടവു ശിക്ഷയാണ്. മുസ്ലീം പുരുഷന് മാത്രം കടുത്ത ശിക്ഷ എന്തിന് നൽകണമെന്നാണ് കോൺഗ്രസ് ചോദിച്ചത്. മാത്രമല്ല, ഈ ബില്ല് കൊണ്ട് മുസ്ലീം സ്ത്രീകൾക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്നും കോൺഗ്രസ് വാദിച്ചു. ബില്ലിലെ വ്യവസ്ഥകൾ പുതുക്കി അവതരിപ്പിക്കണമെന്നും നിലവിലെ വ്യവസ്ഥകൾ, ഒരു മതവിഭാഗത്തെ പ്രകോപിപ്പിക്കാൻ മാത്രമുതകുന്നതാണെന്നും ശശി തരൂർ ആരോപിച്ചു. 

ബില്ലിനെ പരിഹസിച്ച എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി, ഭാര്യയെ തലാഖ് ചൊല്ലിയ ഭർത്താവിനെ അറസ്റ്റ് ചെയ്താൽ, എങ്ങനെ ഭർത്താവ് ഭാര്യക്ക് ചെലവിന് കൊടുക്കും എന്ന് ചോദിച്ചു. ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നും ഒവൈസി ആരോപിച്ചു. എസ്‍പി നേതാവ് ആസംഖാനാകട്ടെ, തലാഖ് പോലുള്ളവയ്ക്ക് ഖുറാനിൽ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും അത് പാലിച്ച് മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും വ്യക്തമാക്കി. തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളമായി.

Scroll to load tweet…

ബില്ലവതരണത്തെ പ്രതിപക്ഷം ശക്തമായി എതിർക്കുകയും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ടതോടെ അവതരണാനുമതിക്ക് വോട്ടെടുപ്പിന് കളമൊരുങ്ങി. സ്പീക്കർ ഓം ബിർള വോട്ടെടുപ്പ് നടത്താൻ നിർദേശിച്ചു. 187 അംഗങ്ങൾ ബില്ല് അവതരിപ്പിക്കുന്നതിനെ പിന്താങ്ങി. 74 പേർ എതിർത്തു. ഇലക്ട്രോണിക് വോട്ടിംഗിനുള്ള ലോഗിൻ എല്ലാവർക്കും നൽകിയിട്ടില്ലാത്തതിനാൽ പേപ്പർ സ്ലിപ്പ് ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. ഭൂരിപക്ഷം പേരും ബില്ലവതരണത്തെ അനുകൂലിച്ചതിനാൽ ബില്ല് മേശപ്പുറത്ത് വച്ചു. 

Scroll to load tweet…

എന്നാൽ മുസ്ലീം ലീഗ് അംഗങ്ങൾ ഇതിനെതിരായ പ്രമേയമടക്കം കൊണ്ടു വന്നില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബില്ലവതരണത്തിൽ പ്രതിപക്ഷം ഒന്നിച്ചു നിന്നെന്ന് ബില്ലവതരണത്തിന് ശേഷം ജനങ്ങളുടെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ രാജ്യത്തുണ്ട്. ഇതൊന്നും പരിഗണിക്കാതെ വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് മുത്തലാഖ് ബില്ലിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്നും ലീഗ് ആരോപിച്ചു.