Asianet News MalayalamAsianet News Malayalam

ത്രിപുരയിൽ സഖ്യത്തിന്റെ നേട്ടം കോൺഗ്രസിന്, സിപിഎമ്മിന് വൻ തിരിച്ചടി

തിപ്ര മോത പാർട്ടിയാണ് സംസ്ഥാനത്ത് ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വൻ മുന്നേറ്റമുണ്ടാക്കിയത്. 20 സീറ്റിൽ മത്സരിച്ച തിപ്ര മോത പാർട്ടിക്ക് 11 ഇടത്ത് മുന്നിലെത്താനായി

Tripura alliance helps congress loss for cpim kgn
Author
First Published Mar 2, 2023, 11:43 AM IST

അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ത്രിപുരയിൽ ബിജെപി തന്നെ മുന്നിൽ. ഒറ്റയ്ക്ക് ബിജെപിക്ക് 31 ഓളം സീറ്റുകളിൽ ലീഡ് നിലനിർത്താനായി. കഴിഞ്ഞ തവണ 36 സീറ്റിൽ വിജയിച്ച സ്ഥാനത്താണ് ഇക്കുറി താഴേക്ക് വന്നതെങ്കിലും ഭരണം നഷ്ടമാകുമെന്ന പ്രതീതി ഇപ്പോൾ ബിജെപി ക്യാംപിൽ ഇല്ല.

സംസ്ഥാനത്ത് തിരിച്ചുവരവിനായി ഇടതുപക്ഷം കോൺഗ്രസുമായി സഖ്യത്തിലാണ് മത്സരിച്ചത്. മുൻപ് 60 സീറ്റിൽ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകൾ കോൺഗ്രസിന് നൽകി. ഈ സീറ്റുകളിലൊന്നും സ്ഥാനാർത്ഥികളെ വെച്ചതുമില്ല. ഇതിന്റെ പ്രത്യാഘാതമെന്നോണം സിപിഎമ്മിന് സീറ്റുകൾ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. ഇവർക്ക് അഞ്ച് സീറ്റിൽ മുന്നേറാനായിട്ടുണ്ട്.

തിപ്ര മോത പാർട്ടിയാണ് സംസ്ഥാനത്ത് ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ വൻ മുന്നേറ്റമുണ്ടാക്കിയത്. 20 സീറ്റിൽ മത്സരിച്ച തിപ്ര മോത പാർട്ടിക്ക് 11 ഇടത്ത് മുന്നിലെത്താനായി. കടുത്ത മത്സരത്തിലേക്ക് പോകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് തിപ്ര മോത പാർട്ടിയുമായി ഇടത് - കോൺഗ്രസ് നേതാക്കൾ ആശയവിനിമയം തുടങ്ങി. എന്നാൽ ബിജെപി ആവശ്യങ്ങൾ അംഗീകരിച്ചാൽ പിന്തുണയ്ക്കാമെന്നാണ് തിപ്ര മോത പാർട്ടിയുടെ തലവൻ പ്രത്യുദ് ദേബ് ബർമൻ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 31 സീറ്റിലാണ് ബിജെപി മുന്നേറ്റം. സിപിഎം 11 സീറ്റിൽ മുന്നിലുണ്ട്. അഞ്ച് സീറ്റിൽ കോൺഗ്രസും ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയുമാണ് മുന്നിലുള്ളത്. ഒറ്റയ്ക്ക് മത്സരിച്ച തിപ്ര മോത പാർട്ടി 11 സീറ്റിലാണ് മുന്നിലുള്ളത്. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്‌ടിക്ക് ഒരു സീറ്റിലാണ് മുന്നിലെത്താനായത്.
 

Follow Us:
Download App:
  • android
  • ios