അഗര്‍ത്തല: വടക്കുകിഴക്കന്‍ ഇന്ത്യയിലെ അഞ്ചാമത്തെ കൊവിഡ് 19 മുക്ത സംസ്ഥാനമായി ത്രിപുര. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരും രോഗം ഭേദമായി ആശുപത്രിവിട്ടു. പതിനാല് ദിവസമായി സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ കൊവിഡ് രോഗികളില്ല. 

വ്യാപകമായ കൊവിഡ് പരിശോധനയാണ് തങ്ങളുടെ വിജയം എന്നാണ് ത്രിപുര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യത്ത് ജനസംഖ്യക്ക് ആനുപാതികമായി ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ സംസ്ഥാനമാണ് ത്രിപുര. 40 ലക്ഷം വരുന്ന ജനസംഖ്യയില്‍ 4450 പേരില്‍ കൊവിഡ് പരിശോധന നടത്തി. ഒരു മില്യണ്‍ ജനതയ്ക്ക് 1,051 പേര്‍ എന്ന തോതിലാണ് ഇവിടുത്തെ പരിശോധന. അതേസമയം രാജ്യത്തെ ആകെ ശരാശരി 470 മാത്രമാണ്. 

അതേസമയം, കൊവിഡ് 19 പരിശോധനകള്‍ തുടരും എന്ന് ത്രിപുര വ്യക്തമാക്കി. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന ആളുകളുടെ പരിശോധനയ്ക്കാണ് ഇനിയുള്ള പരിഗണന എന്ന് ത്രിപുര ആരോഗ്യ സെക്രട്ടറി സഞ്ജയ് കുമാര്‍ രാകേഷ് പറഞ്ഞു. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസമിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 38 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31000 കടന്നു. ഇതുവരെ 1007 പേര്‍ മരണമടഞ്ഞതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. 22629 പേരാണ് നിലവില്‍ രോഗികളായി രാജ്യത്തുള്ളത്.